ബഹ്‌റൈന്‍ കേരളീയ സമാജം പുരസ്‌കാര സമര്‍പ്പണം ഇന്ന്
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഇന്നു രാത്രി 8 മണിക്ക് കേരളീയ സമാജം ഹാളില്‍ നടക്കും. പ്രശസ്ത എഴുത്തുകാരനും ചെറുകഥാകൃത്തുമായ ടി. പത്മനാഭന്‍ പുരസ്‌കാരം സമ്മാനിക്കും.
പുരസ്‌കാരത്തിനര്‍ഹരായവരുടെ പേരുവിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് സമാജം ഭാരവാഹികള്‍ ഇവിടെ പ്രഖ്യാപിച്ചത്.
അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന സാഹിത്യ പുരസ്‌കാര ത്തിന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയാണ് അര്‍ഹനായത്.
എം.മുകുന്ദന്‍ ചെയര്‍മാനായി , ഡോ .കെ.എസ്. രവികുമാര്‍, പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ അടങ്ങിയ ജൂറിയാണ് പ്രഭാവര്‍മ്മയെ തിരഞ്ഞെടുത്തത്. പ്രസ്തുത ചടങ്ങില്‍ ടി.പത്മനാഭന്റെ ഒടുവിലത്തെ പാട്ട് എന്ന ചെറുകഥയെ ആസ്പദമാക്കി പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കേരളീയ സമാജം പ്രഥമ ലാറി ബേക്കര്‍ പുരസ്‌ക്കാരത്തിന് അര്‍ഹനായ പ്രശസ്ത ആര്‍ക്കിടെക്റ്റ് പദ്മശ്രീ ജി.ശങ്കറിനുള്ള പുരസ്‌കാരവും ഇതേ ചടങ്ങില്‍ സമ്മാനിക്കും. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ലോകത്ത് പലയിടങ്ങളിലായി നിരവധി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ള പദ്മശ്രീ ജി. ശങ്കര്‍ അനുയോജ്യമായ വീട് നിര്‍മ്മാണത്തില്‍ ഏറെ പ്രശംസ നേടിയിട്ടുണ്ട്. ലാറി ബേക്കര്‍ പുരസ്‌കാര സമിതിയില്‍ ശ്രീമതി ടി.എന്‍ സീമ അയ്യപ്പന്‍, ഡോ: അനില്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.
ഫെബ്രുവരി 23ന് രാവിലെ 10 മണിക്ക് സമാജം ഹാളില്‍ വെച്ച് ടി. പത്മനാഭന്‍, ജി ശങ്കര്‍ തുടങ്ങിയവരുമായി മുഖാമുഖവും സംഘടിപ്പിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി എന്നിവര്‍ പങ്കെടുത്തു.
പുരസ്‌കാരം സമ്മാനിക്കാനായി ബഹ്‌റൈനിലെത്തിയ പ്രശസ്ത എഴുത്തുകാരനും ചെറുകഥാകൃത്തുമായ ടി. പത്മനാഭന് സമാജം ഭാരവാഹികളുടെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ ഇന്റ്രര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."