ശുഹൈബ് വധം: വാഹനത്തെക്കുറിച്ച് സൂചന
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ച വാഹനത്തെക്കുറിച്ച് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു.
വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്ന തളിപ്പറമ്പ് നരിക്കോട് സ്വദേശിയായ സി.പി.എം പ്രവര്‍ത്തകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായ റിജിന്‍ രാജിന്റെയും ആകാശിന്റെയും സുഹൃത്താണ്. ആകാശ് ഇടപെട്ടാണ് വാഹനം വാടകയ്ക്ക് എടുത്തതെന്നാണ് കരുതുന്നത്.
എന്നാല്‍, വാഹനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിന് തലേദിവസം ആകാശ് തളിപ്പറമ്പ് എത്തിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല നടന്നിട്ട് ഒന്പതുദിവസം കഴിഞ്ഞിട്ടും പ്രധാനപ്പെട്ട തെളിവായ വാഹനവും ആയുധങ്ങളും കണ്ടെടുക്കാനാകാത്തത് അന്വേഷണത്തെ കുഴക്കുന്നുണ്ട്. കൊലക്കുശേഷം ആകാശും റിജിന്‍ രാജും മറ്റൊരു വാഹനത്തിലാണ് നാട്ടിലേക്ക് പോയത്. കൊല നടത്തുമ്പോള്‍ ഉപയോഗിച്ച വാഹനത്തിലായിരുന്നു ആയുധങ്ങള്‍.
കൊലയാളി സംഘത്തിലെ അഞ്ചുപേരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും മൂന്നുപേര്‍ ഒളിവിലാണ്. കൊലപാതകത്തില്‍ എടയന്നൂരിലെ സി.പി.എം നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.
ചിലര്‍ കസ്റ്റഡിയിലുണ്ടെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നുമാണ് പൊലിസ് നല്കുന്ന സൂചന. ഇക്കഴിഞ്ഞ 12നാണ് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ ശുഹൈബിനെ എടയന്നൂരില്വച്ച് ഒരുസംഘം വെട്ടിക്കൊന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."