മഹാരാഷ്ട്രയില്‍ 1.8 ലക്ഷം കോടി ചിലവില്‍ റിഫൈനറി സ്ഥാപിക്കാന്‍ സഊദി അരാംകോ പദ്ധതി
റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ സഊദി അരാംകോ ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നു. 1.8 ലക്ഷം കോടി ചിലവില്‍ റിഫൈനറിയും 33,000 കോടി ചിലവില്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ പദ്ധതിയുള്ളതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ സന്ദര്‍ശിക്കുന്ന സഊദി ഊര്‍ജ്ജ വ്യവസായ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ഇന്ത്യന്‍ ഊര്‍ജ്ജ മന്ത്രി ധര്‍മേന്ദ്ര പ്രധാനമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്രയിലാണ് കൂറ്റന്‍ റിഫൈനറി സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. സഊദി ഊര്‍ജ്ജ മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയെ കൂടാതെ അബുദാബി നാഷണല്‍ എണ്ണക്കമ്പനി അഡ്‌നോക്കും ലോകത്തെ ഏറ്റവും വലിയ റിഫൈനറി കം പെട്രോകെമിക്കല്‍ പ്ലാന്റ് നിര്‍മ്മാണത്തിന് സമ്മതമറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇന്ത്യ സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്‌സ് ലോകത്തെ ഏറ്റവും വലിയ ഒന്നായിരിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ സംയുക്ത ഷെയറിലാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് വിവരം.
കൂടാതെ, ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ 33,000 കോടി രൂപ ചിലവില്‍ 1.5 മില്യണ്‍ ടണ്‍ ശേഷിയുള്ള പെട്രോകെമിക്കല്‍ കോംപ്ലക്‌സും നിര്‍മ്മിക്കാന്‍ സഊദി അരാംകോ തയ്യാറായിട്ടുണ്ട്. സഊദിയുടെ ഏറ്റവും വലിയ വ്യാപാര കക്ഷിയായ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ സഊദി അരാംകോ സന്നദ്ധത അറിയിച്ചതായി ഇന്ത്യന്‍ ഊര്‍ജ്ജ മന്ത്രി എ.എന്‍.ഐയോട് വ്യക്തമാക്കി. 36.5 ടണ്‍ എണ്ണയാണ് വര്‍ഷംതോറും സഊദി അരാംകോ നിലവില്‍ ഇന്ത്യയിലേക്ക് കപ്പല്‍ മാര്‍ഗ്ഗം നല്‍കി കൊണ്ടിരിക്കുന്നുണ്ട്.
നേരത്തെയും അരാംകോ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സന്നദ്ധമായി രംഗത്തെത്തിയിരുന്നു. 1998 ല്‍ അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു. പിന്നീട് ഈ റിഫൈനറി മറ്റൊരു കമ്പനിയായി മാറുകയായിരുന്നു. കൂടാതെ, 2006 ല്‍ ഒഡീഷ റിഫൈനറിയിലും സഊദി അരാംകോ നിക്ഷേപമിറക്കാന്‍ സന്നദ്ധമായി രംഗത്തെത്തിയിരുന്നു.
പുതുതായി ആരംഭിക്കുന്ന പെട്രോകെമിക്കല്‍ കോംപ്ലക്‌സോട് കൂടെയുള്ള റിഫൈനറി 2022 ഓടെ കമ്മീഷന്‍ ചെയ്യാനാണ് പദ്ധതി. സെക്കന്‍ഡ് ഫേസില്‍ ആറു മില്യണ്‍ ടണ്‍ ശേഷിയുള്ള എണ്ണ സംഭരണ ടാങ്കും നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. പെട്രോളിയം റീസര്‍വേഴ്‌സ് പദ്ധതിയുടെ ഭാഗമായുള്ള മംഗളൂരുവില്‍ നിര്‍മ്മിച്ച ഒന്നാംഘട്ട പദ്ധതിയായ ഭൂമിക്കടിയിലെ 1.5 ടണ്‍ ശേഷിയിലുള്ള എണ്ണ സംഭരണ ടാങ്കില്‍ അഡ്‌നോക്ക് പകുതിയോളം എണ്ണ സംഭരണം നടത്തിക്കഴിഞിട്ടുണ്ട്. ഇതിന്റെ രണ്ടാംഘട്ടം ഉടന്‍ തന്നെ കേന്ദ്ര ക്യാബിനറ്റ് അംഗീകരിക്കുമെന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."