വെള്ളാപ്പള്ളിക്കെതിരേ എസ്.എന്‍ ട്രസ്റ്റ് സംരക്ഷണസമിതി
കൊല്ലം: സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി എസ്.എന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃത സിലിക്കണ്‍ ഖനനത്തിനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കം വിവാദത്തില്‍. ചേര്‍ത്തല എസ്.എന്‍ കോളജിന്റെയും എസ്.എന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും 25 ഏക്കറിലധികം വരുന്ന കാംപസ് ഭൂമിയില്‍ നിന്ന് സിലിക്കണ്‍ മണല്‍ അഞ്ചുവര്‍ഷത്തേക്ക് ഖനനത്തിനായാണ് ടെണ്ടര്‍ വിളിച്ചത്. ടെണ്ടര്‍ നടപടികള്‍ സുതാര്യമല്ലെന്ന് എസ്.എന്‍ ട്രസ്റ്റ് സംരക്ഷണസമിതി ഭാരവാഹി രാജ്കുമാര്‍ ഉണ്ണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഖനനത്തിന് ടെണ്ടര്‍ അംഗീകരിച്ച വ്യക്തിയുടെ പൂര്‍ണമായ ചുമതലയില്‍ ഖനനത്തിനുള്ള അനുമതി സര്‍ക്കാരില്‍നിന്നു വാങ്ങാമെന്ന വ്യവസ്ഥയാണ് പറയുന്നത്. കാംപസിലെ ഒഴിഞ്ഞുകിടക്കുന്ന പ്രദേശത്താണ് ഖനനം നടത്താന്‍ നീക്കം. ഇവിടെ ഖനനം നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
ചെങ്ങന്നുര്‍ ഉപതെരഞ്ഞെടുപ്പിനെ മറയാക്കിയാണ് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി ഖനനം നടത്തുന്നത്. 150 കോടി രൂപയുടെ ഇടപാടാണ് ഇതിന് പിന്നിലുള്ളത്. ഇതില്‍ പ്രതിഷേധിച്ച് ടെണ്ടര്‍ തുറക്കുന്ന 26ന് കൊല്ലത്തെ എസ്.എന്‍ ട്രസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സംരക്ഷണസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."