യൂറോപ്പാ ലീഗ്: ആഴ്സണല്‍- മിലാന് പ്രീ ക്വാര്‍ട്ടര്‍
ലണ്ടന്‍: യുവേഫാ യൂറോപ്പാ ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സണല്‍ ഇറ്റാലിയന്‍ വമ്പന്മാരായ എ.സി മിലാനുമായി ഏറ്റുമുട്ടും. അവസാന 32ലെ പോരാട്ടത്തില്‍ ആഴ്സണല്‍ സ്വന്തം തട്ടകത്തില്‍ ഒസ്റ്റര്സണ്ട്സിനോട് 1-2ന് പരാജയപ്പെട്ടെങ്കിലും ആദ്യ പാദത്തിലെ 3-0ത്തിന്റെ വിജയ ബലത്തില്‍ ഇരു പാദങ്ങളിലായി 4-2ന്റെ ജയമാണ് ആഴ്സണല്‍ സ്വന്തമാക്കിയത്. മിലാന് സ്വന്തം തട്ടകത്തില്‍ ലുഡോഗോറെറ്റ്സിനെ 1-0ത്തിന് വീഴ്ത്തി. ഇരു പാദങ്ങളിലായി 4-0ത്തിന്റെ വിജയമാണ് അവര്‍ സ്വന്തമാക്കിയത്. വിവിധ പോരാട്ടങ്ങളിലായി തുടര്‍ച്ചയായി 11 മത്സരങ്ങളായി മിലാന് തോല്‍വിയറിയാതെ കുതിക്കുന്നു. വന്‍ തകര്‍ച്ചയെ നേരിട്ട ടീം മുന്‍ ഇതിഹാസ താരം ഗന്നാരോ ഗട്ടുസോ കോച്ചായി വന്ന ശേഷമാണ് മികവിലേക്ക് തിരിച്ചെത്തിയത്.
ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന നാപോളിയാണ് ലീഗില്‍ നിന്ന് പുറത്തുപോയ ഏക പ്രമുഖ ടീം. രണ്ടാം പാദത്തില്‍ ലെയ്പ്സിഗിനോട് 0-2ന് വിജയിച്ചെങ്കിലും ആദ്യ പാദത്തില്‍ മൂന്ന് എവേ ഗോള്‍ വഴങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി. ഇരു പാദങ്ങളിലായി മത്സരം 3-3ന് അവസാനിച്ചു.
ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്മുണ്ട് അറ്റ്ലാന്റയുമായി 1-1ന് സമനിലയില്‍ പിരിഞ്ഞ് ഇരു പാദങ്ങളിലായി 3-4ന്റെ വിജയത്തോടെയാണ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡാണ് അവസാന 16ല്‍ സ്ഥാനമുറപ്പിച്ച മറ്റൊരു ടീം. കൊബന്ഹെവനെ 1-0ത്തിന് വീഴ്ത്തിയ അത്ലറ്റിക്കോ ഇരു പാദങ്ങളിലായി 5-1നാണ് മത്സരം വിജയിച്ചത്.
അത്ലറ്റിക്കോ മാഡ്രിഡ് റഷ്യയില്‍ നിന്നുള്ള ലോക്കോ മോട്ടീവ് മോസ്ക്കോയെ പ്രീ ക്വാര്‍ട്ടറില്‍ നേരിടും. ഓസ്ട്രിയന്‍ ക്ലബ് സാല്‍സ്ബര്‍ഗാണ് ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ എതിരാളികള്‍. ഇറ്റാലിയന്‍ ക്ലബായ ലാസിയോ ഉക്രൈനില്‍ നിന്നുള്ള ഡൈനാമോ കിവുമായി ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."