ചൂണ്ടാന്‍ വൈകിയ വിരലുകള്‍
കൊലപാതക രാഷ്ട്രീയത്തിനെതിരായ ശബ്ദം കുറച്ചുകാലമായി സി.പി.എം സമ്മേളനങ്ങളില്‍ പതിവുള്ളതല്ല. അതിന്റെ പേരില്‍ കണ്ണൂര്‍ നേതാക്കളുടെ നേരേ വിരല്‍ചൂണ്ടുന്നത് ഒട്ടും പതിവല്ല. ആ കീഴ്‌വഴക്കം തെറ്റിച്ചിരിക്കുകയാണു തൃശൂര്‍ സമ്മേളനം. അത്രയെങ്കിലും നല്ലത്. എന്നാല്‍, ആ വിരലുകള്‍ എവിടംവരെ നീളുമെന്നാണ് ഇനി കാണേണ്ടത്.
കണ്ണൂര്‍ നേതൃത്വത്തിനെതിരേ, പ്രത്യേകിച്ചു പി. ജയരാജനെതിരേ രൂക്ഷമായ വിമര്‍ശനമാണു പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന പൊതുചര്‍ച്ചയില്‍ ഉയര്‍ന്നത്. മഹാഭാരതത്തിലെ ഗാന്ധാരീവിലാപമടക്കം ഉദ്ധരിച്ചാണു ചിലര്‍ കൊലപാതകരാഷ്ട്രീയത്തിനെതിരേ ചോദ്യങ്ങളുന്നയിച്ചത്. രാഷ്ട്രീയക്കൊലകള്‍ പൊതുവെ കുറഞ്ഞ ചില തെക്കന്‍ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണു ശക്തമായ വിമര്‍ശനമുന്നയിച്ചതെന്നതും ശ്രദ്ധേയമാണ്. അതെന്തൊക്കെയായാലും ഏറെ വൈകിയെങ്കിലും കൊലപാതകരാഷ്ട്രീയം സി.പി.എമ്മില്‍ ചോദ്യംചെയ്യപ്പെട്ടു തുടങ്ങിയെന്നാണു തൃശൂര്‍ സമ്മളനം ബോധ്യപ്പെടുത്തുന്നത്.
അതു സമ്മേളനഹാളിനുള്ളില്‍ നടക്കുന്ന ചര്‍ച്ച. ഉദ്ഘാടനദിവസവും തുടര്‍ന്നുള്ളദിവസങ്ങളിലെ ഇടവേളകളിലും പുറത്തു കണ്ട മറ്റൊരു കാഴ്ചയുണ്ട്. പി. ജയരാജനെ കാണുമ്പോള്‍ ഓടിച്ചെന്നു കൂടെനിന്നു സെല്‍ഫിയെടുക്കാന്‍ പ്രവര്‍ത്തകര്‍ മത്സരിക്കുന്നു. പ്രത്യേകിച്ചു ചെറുപ്പക്കാര്‍. സമ്മേളനസംഘാടകരായെത്തിയ തൃശൂരിലെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയില്‍പ്പോലും ഏറെ സ്വീകാര്യതയുണ്ട് ജയരാജന്. കേരളീയ പൊതുസമൂഹത്തിന് ഇപ്പോള്‍ ജയരാജന്‍ കൊലക്കത്തിരാഷ്ട്രീയത്തിന്റെ മുഖചിത്രമാണെന്നതൊന്നും വകവയ്ക്കാതെ അവര്‍ കൂടെനിന്ന് ആ മുഖം സെല്‍ഫിയില്‍ പകര്‍ത്തുന്നു. അഭിമാനത്തോടെ ഫേസ്ബുക്കിലിടുന്നു.ഹാളിനകത്തും ഒരേ ദിശയിലായിരുന്നില്ല കാര്യങ്ങള്‍. കണ്ണൂര്‍ നേതൃത്വത്തിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളെ ശക്തമായി തന്നെയാണു ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ നേരിട്ടത്. ചില ഘട്ടങ്ങളില്‍ കടുത്ത അസഹിഷ്ണുതയോടെ തന്നെ. കണ്ണൂരിലെ രാഷ്ട്രീയസാഹചര്യം അറിയാതെയാണു മറ്റു ജില്ലകളിലെ സഖാക്കള്‍ കുറ്റപ്പെടുത്തുന്നതെന്നായിരുന്നു അവരുടെ വാദം. ജയരാജനെക്കുറിച്ചു മിണ്ടിപ്പോകരുതെന്നു വരെ അവര്‍ ശഠിച്ചു എന്നാണു കേള്‍ക്കുന്നത്.
പൊതുസമൂഹം എന്തൊക്കെപ്പറഞ്ഞാലും പി. ജയരാജനെ കേരളത്തിലെ വലിയൊരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ താരപരിവേഷം നല്‍കി ആരാധിക്കുന്നുവെന്നതാണു സത്യം. ഈ വീരാരാധനയ്ക്കു രാഷ്ട്രീയമില്ലെന്ന് ആര്‍ക്കും പറയാനാവില്ല. ഇത്ര കലുഷിതമായൊരു രാഷ്ട്രീയസന്ദര്‍ഭത്തില്‍ ഇത് അക്രമരാഷ്ട്രീയത്തിനുള്ള അംഗീകാരമായി വിലയിരുത്തിയാല്‍ തെറ്റാവില്ല. അങ്ങനെ നോക്കുമ്പോള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ ന്യായപ്രകാരം തന്നെ മാരകായുധങ്ങളുടെ രാഷ്ട്രീയഭാഷയ്ക്കു പാര്‍ട്ടിക്കകത്ത് അംഗീകാരമുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷമാണല്ലോ ശരിതെറ്റുകള്‍ നിര്‍ണയിക്കുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന ശരിയുടെ നൈതികസാധുത രണ്ടാമത്തെ കാര്യം മാത്രമാണ്. അക്രമരാഷ്ട്രീയത്തെക്കുറിച്ചു സമ്മേളനത്തില്‍ നടന്ന ചര്‍ച്ച മൊത്തത്തില്‍ നോക്കുമ്പോള്‍ കിട്ടുന്നൊരു ചിത്രമുണ്ട്. പുതിയ കാലത്തിന്റെ പൊതുവിടങ്ങളില്‍, പ്രത്യേകിച്ചു പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ നിര്‍ണായകസന്ദര്‍ഭങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളുടെ സമ്മര്‍ദങ്ങളെ അവഗണിക്കാന്‍ പാര്‍ട്ടിക്കു സാധിക്കാതെ വന്നിട്ടുണ്ട്. അതുകൊണ്ട് എത്ര കരുത്തുള്ള ഇരുമ്പുമറയ്ക്കുള്ളിലായാലും നടക്കുന്ന ചര്‍ച്ച പുറംലോകത്തെത്തുന്ന ഇക്കാലത്തു സമ്മേളനത്തില്‍ ഈ വിഷയത്തെക്കുറിച്ചു സംസാരിക്കാതിരിക്കാനാവില്ല.
അതൊരു വശം. അക്രമരാഷ്ട്രീയത്തെയോ അതിലേര്‍പ്പെടുന്ന സഖാക്കളെയോ പൂര്‍ണമായി അകറ്റിനിര്‍ത്താനുള്ള ഉള്‍ക്കരുത്തു പാര്‍ട്ടി ആര്‍ജിച്ചിട്ടില്ലെന്ന മറുവശവുമുണ്ട്. കൈവശമുള്ള അധികാരങ്ങളില്‍ കുറച്ചെങ്കിലും കൈക്കരുത്തിന്റെ പിന്‍ബലത്തില്‍ നേടിയതാണ്. ചില പ്രദേശങ്ങളില്‍ പ്രവര്‍ത്തകരുടെ പോസിറ്റിവ് എനര്‍ജി നിലനിര്‍ത്താന്‍ കൊലവിളികളും പുതിയ രക്തസാക്ഷിമണ്ഡപങ്ങളുമൊക്കെ ആവശ്യവുമാണ്.
അതുകൊണ്ടു കത്തി താഴെയിടെടാ എന്നൊക്കെ വേണമെങ്കില്‍ പറഞ്ഞോളൂ, എന്നാല്‍ താഴെയിട്ടാല്‍ നഷ്ടപ്പെടാന്‍ പലതുമുള്ളവര്‍ക്ക് അതനുസരിക്കാന്‍ ഇത്തിരി വിഷമമുണ്ട് എന്നിടത്തു മാത്രം എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. കണ്ണൂരിലെ കൊലകളില്‍ പാര്‍ട്ടിക്കു പങ്കില്ലെങ്കില്‍ പിന്നെ എന്തുകൊണ്ട് പ്രതികള്‍ക്കെതിരേ സംഘടനാതലത്തില്‍ നടപടിയെടുക്കുന്നില്ല എന്ന തെക്കന്‍ സഖാക്കളുടെ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം കിട്ടാതിരിക്കുന്നതില്‍ അതെല്ലാം അടങ്ങിയിട്ടുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍, അക്രമരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ അകത്തുനിന്നു ചോദ്യങ്ങള്‍ ഉയരുന്നിടംവരെ മാത്രമാണു പാര്‍ട്ടിയിപ്പോള്‍ എത്തിയിരിക്കുന്നത്. പൊതുസമൂഹത്തിനു വേണമെങ്കില്‍ അതൊരു ആശ്വാസമായി കരുതാം. ഉത്തരങ്ങള്‍ക്കും പരിഹാരക്രിയകള്‍ക്കും ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നു തന്നെയാണ് തൃശൂര്‍ സമ്മേളനം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."