'അപ്പന്‍ പറഞ്ഞു, രാഷ്ട്രീയം പഴയതുപോലെയല്ല'
എന്റെ അപ്പന്‍ എം.എം ലോറന്‍സ് കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്നു. കൊച്ചിയുടെ ആദ്യ മേയറാകേണ്ടതായിരുന്നു. അതിനിടയിലൊരു കാലുമാറ്റം നടന്നു. അങ്ങനെ നറുക്കെടുപ്പു വേണ്ടിവന്നു. അതില്‍ അപ്പനെ ഭാഗ്യം തുണച്ചില്ല. ഇതെല്ലാം ഞാന്‍ മുതിര്‍ന്നശേഷം കേട്ടതാണ്. കാലു മാറിയയാളുടെ മകള്‍ ഞാന്‍ പഠിച്ച സ്‌കൂളില്‍ തന്നെയാണു പഠിച്ചത്. ഞങ്ങള്‍ പരിചയക്കാരായിരുന്നു. ആ പ്രായത്തിലെ നിഷ്‌കളങ്കത മാത്രമായിരുന്നു ആ ബന്ധത്തിലുണ്ടായിരുന്നത്.
അടിയന്തരാവസ്ഥ കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പാണ് എനിക്കു നേരിട്ട് ഓര്‍മയുള്ള ആദ്യതെരഞ്ഞെടുപ്പ്. പള്ളുരുത്തി മണ്ഡലത്തില്‍ അപ്പന്‍ മത്സരിക്കുന്നു. അപ്പന്‍ ജയിലിലായിരുന്ന കാലത്തു ഞങ്ങളുടെ കുടുംബം ജീവിച്ചിരിപ്പുണ്ടോയെന്നുപോലും എത്തിനോക്കാതിരുന്നവരെല്ലാം അപ്പന്‍ സ്ഥാനാര്‍ഥിയായതു മുതല്‍ വീട്ടിലെ പതിവുകാരായി. അപ്പന്റെ എതിര്‍സ്ഥാനാര്‍ഥി ഈരേശ്ശേരിയില്‍ വക്കച്ചനാണ്.
അമ്മയുടെ ഇളയമ്മയുടെ മരുമകനായ വക്കച്ചനെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വാധീനിച്ചു നിര്‍ത്തിയതാണ്. അതൊരു തന്ത്രമായിരുന്നു. അമ്മയുടെ ബന്ധുക്കള്‍ ധാരാളമുള്ള മണ്ഡലമാണു പള്ളുരുത്തി. ലത്തീന്‍സഭയ്ക്കു നല്ല സ്വാധീനമുള്ള മണ്ഡലം. അവിടെ ബന്ധുവോട്ടുകള്‍ അപ്പനു കിട്ടാതിരിക്കാനാണതു ചെയ്തത്. അമ്മാമ്മയുടെ വിലപ്പെട്ട വോട്ടിനുവേണ്ടിയുള്ള ഗൂഢാലോചന ബന്ധുക്കള്‍ക്കിടയില്‍ നടന്നു.
എന്റെ അമ്മ തലേന്നു തന്നെ തറവാട്ടില്‍ ക്യാംപ്‌ചെയ്തു അമ്മാമ്മയെ 'കസ്റ്റഡി'യിലെടുത്തു കൂടെ പോയി വോട്ട് ചെയ്യിച്ചു. അങ്ങനെ അമ്മാമ്മ ആദ്യമായി അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ കുത്തി. അഴീക്കലെ അമ്മാമ്മയുടെ വോട്ട് അപ്പന് കിട്ടിയതില്‍ എന്തൊരു സന്തോഷമായിരുന്നു അമ്മയ്ക്കും ഞങ്ങള്‍ക്കോരോരുത്തര്‍ക്കും!
പക്ഷേ, തെരഞ്ഞെടുപ്പില്‍ അപ്പന്‍ തോറ്റു, ആയിരത്തോളം വോട്ടുകള്‍ക്ക്. അത്രയും വോട്ടുകള്‍ ഈരേശ്ശേരി വക്കച്ചന്‍ പിടിച്ചെടുത്തിരുന്നു. പിന്നീട് എത്രയോ പ്രാവശ്യം ഈ ബന്ധുവായ എതിര്‍സ്ഥാനാര്‍ത്ഥി ഓരോ കാര്യങ്ങള്‍ക്കായി അപ്പനെ കാണുവാന്‍ വന്നു. അപ്പനും അമ്മയും യാതൊരു വിരോധവും കാട്ടിയില്ല.
പിന്നീടാണ് അപ്പന്‍ ഇടുക്കിയില്‍ നിന്നു ജയിച്ച് ലോക്‌സഭയിലെത്തുന്നത്. അന്നു റേഡിയോ മാത്രമേയുള്ളു. അപ്പന്‍ ജയിച്ച വാര്‍ത്ത വന്നു. ഫോണിലൂടെയും അറിഞ്ഞു. ഞാനും കൂട്ടുകാരും ഗെയ്റ്റില്‍ നില്‍ക്കുമ്പോള്‍ എന്റെ മൂത്ത സഹോദരന്റെ കൂട്ടുകാരന്‍ ആ വഴി പോയി. സന്തോഷത്തോടെ പറഞ്ഞു, ''അപ്പച്ഛന്‍ വലിയ ആളായല്ലോ.'' അയല്‍വാസികളും പറഞ്ഞത് അതുതന്നെയായിരുന്നു. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപകരും സന്തോഷം പ്രകടിപ്പിച്ചു.
പക്ഷേ, അപ്പന്‍ വല്യ ആളായതെങ്ങനെയെന്നു മനസ്സിലായില്ല. ഞങ്ങളുടെ ജീവിതമൊന്നും മാറിയില്ല. തോട്ടക്കാട് റോഡിലെ കുഞ്ഞു വീട്ടില്‍ത്തന്നെയാണു താമസം. ജീവിതം സാധാരണപോലെ തന്നെ. ഡല്‍ഹിയൊക്കെ കാണാന്‍ കഴിഞ്ഞെന്നതു മാത്രമാണു നേട്ടം.
തൃപ്പൂണിത്തുറ മത്സരിച്ചപ്പോള്‍ ജയിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നു. രാജീവ്ഗാന്ധി വധത്തോടെ ആ സാധ്യത അടഞ്ഞു. രാജീവ് ഗാന്ധി വധിക്കപ്പെട്ടതില്‍ ഞങ്ങള്‍ക്കെല്ലാം വലിയ സങ്കടമുണ്ടായിരുന്നു. എല്ലാര്‍ക്കും ഇഷ്ടമായിരുന്നല്ലോ അദ്ദേഹത്തെ.
ഒരിക്കല്‍ ഡല്‍ഹിയില്‍വച്ച് ഉമ്മന്‍ചാണ്ടിയെ കാണാന്‍ കേരളഹൗസില്‍ ചെന്നപ്പോള്‍ തൃപ്പൂണിത്തുറയിലെ എം.എല്‍.എ കെ. ബാബു വന്നു പരിചയപ്പെട്ടു.
''എനിക്കറിയാം, എന്റെ അപ്പനെ തോല്‍പ്പിച്ച ആളല്ലേ.'' ഞാന്‍ പറഞ്ഞു.
അതുകേട്ട് അവരെല്ലാം ചിരിച്ചു.
കെ. ബാബു ചോദിച്ചു, ''നിന്റെ അപ്പനോട് ആരാ അവിടെ വന്നു നില്‍ക്കാന്‍ പറഞ്ഞത്''
ഞാന്‍ പറഞ്ഞു, ''അപ്പന്‍ തോറ്റതല്ല, അപ്പനേക്കാള്‍ ചെറുതല്ലേ. തല്‍ക്കാലം തോറ്റ് തന്നതാണ്.''
അപ്പന് ആള്‍ക്കാരെ കൈയിലെടുക്കാനുള്ള സൂത്രപ്പണികളൊന്നും അറിയില്ല. അപ്പന്റെ ശ്രദ്ധ പാര്‍ട്ടിയും സി.ഐ.ടി.യുവുമായിരുന്നു. ഇതിനു മുന്‍പ് എല്‍.ഡി.എഫ് അധികാരത്തില്‍ വന്ന തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് അപ്പനും കെ.വി തോമസും തമ്മിലായിരുന്നു മത്സരം. രണ്ടു പേരും ലത്തീന്‍ സമുദായക്കാര്‍. ഒരാള്‍ തികഞ്ഞ ഈശ്വരവിശ്വാസി. ഒരാള്‍ നിരീശ്വരന്‍. നിര്‍ഭാഗ്യവശാല്‍ ആ സമയത്തു കുറേ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. എതിരാളികള്‍ അതു മുതലെടുത്തു.
എറണാകുളം അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്തിനെ എനിയ്ക്കു വളരെ പരിചയമുണ്ട്. ക്രിസ്ത്യന്‍ പുരോഹിതനോട് കമ്യൂണിസ്റ്റുകാരനു വോട്ടഭ്യര്‍ഥിക്കുന്നതെങ്ങനെ എന്ന മടിയുണ്ടായിരുന്നെങ്കിലും ഞാന്‍ ഒരുവിധം പറഞ്ഞൊപ്പിച്ചു. വോട്ടുചെയ്യാമെന്നൊന്നും പിതാവു പറഞ്ഞില്ല. ''നിന്റെ അപ്പനോട് ഇവിടെ വരെ ഒന്നു വരാന്‍ പറ' എന്നുമാത്രം പറഞ്ഞു. വിശ്വാസിയല്ലെങ്കിലും അപ്പന്‍ നല്ല മനുഷ്യനാണെന്നും പിതാവു പറഞ്ഞു.
ഞാന്‍ സി.ഐ.ടി.യു നേതാവ് കെ.ജെ ജേക്കബ് വഴി അപ്പനോട് 'അരമനയില്‍' ചെല്ലാന്‍ പറഞ്ഞു. അപ്പന്‍ പോയില്ല. അപ്പന് ആ വഴി അറിയില്ല. ജയിക്കാന്‍ പരസ്യമായോ രഹസ്യമായോ ആദര്‍ശം അടിയറവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കില്ല. അപ്പനുവേണ്ടി മറ്റൊരു മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന സിന്ധു ജോയി വോട്ടും അനുഗ്രഹവും ചോദിച്ച് അരമനയില്‍ ചെന്ന കാര്യം പിന്നീടറിഞ്ഞു.
ഞങ്ങള്‍ നാലുമക്കളും അമ്മയും അപ്പനും മാത്രമുള്ള കുടുംബമായിരുന്നു. ഞങ്ങളുടെ നാലുപേരുടെയും വിവാഹശേഷം അവിടെ ചില വിള്ളലുകള്‍ വന്നു. സങ്കടകരമായിരുന്നു. അപ്പന്‍ ഒരു നിലപാടെടുത്തു. ഞാന്‍ വേറൊന്ന്. തര്‍ക്കങ്ങളും വഴക്കുകളും നടന്നു. അതെല്ലാം ഞങ്ങളുടേതു മാത്രമായിരുന്നു. പക്ഷേ 'അറിയപ്പെടുന്ന' വ്യക്തിയുടെ കുടുംബത്തിലെ തകര്‍ച്ച മറ്റുള്ളവര്‍ക്കു പരിഹസിക്കാനും മുതലെടുക്കാനും കാരണമായി.
ഞാന്‍ പുറത്തേയ്ക്കിറങ്ങിയാല്‍ പരിചയക്കാരും അടുത്തവരും പരിഹസിച്ചുകൊണ്ട് 'അപ്പനാണോ വോട്ട് ' എന്നു ചോദിക്കും. പരിഹസിച്ചവരാരും എന്റെ കണ്ണുനിറഞ്ഞതു കണ്ടില്ല. ചിലരോടു ഞാന്‍ തിരികെ ചോദിച്ചു, ''നിങ്ങളുടെ അപ്പന്‍ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ നിങ്ങള്‍ വേറെ ആര്‍ക്കെങ്കിലും വോട്ടു ചെയ്യുമോ''ന്ന്.
എന്റെ വോട്ട് ആലപ്പുഴ ജില്ലയിലായിരുന്നു. അപ്പന്‍ മത്സരിക്കുന്ന സമയത്തു ഞാന്‍ എറണാകുളത്തേയ്ക്കു താമസം മാറ്റിയിരുന്നു. അപ്പനു വോട്ടുചെയ്യാന്‍ കിട്ടുന്ന അവസരം നഷ്ടപ്പെടാതിരിക്കാന്‍ വോട്ടവകാശം എറണാകുളത്തേയ്ക്കു മാറ്റാന്‍ അപേക്ഷ നല്‍കി. രേഖകള്‍ സമര്‍പ്പിക്കാന്‍ ചെന്നപ്പോള്‍ നീണ്ട ക്യൂവാണ്. നിന്നു മടുത്തപ്പോള്‍ അടുത്തു നില്‍ക്കുന്നവരുമായി പരിചയമായി. അതിലൊരു പയ്യന്‍ അപ്പന്റെ പാര്‍ട്ടിക്കാരനാണ്. കൂലിപ്പണിയാണ്.
ഇത്രനേരം ക്യൂവില്‍ നിന്നാല്‍ അന്നത്തെ കൂലി പോയില്ലേയെന്നു ഞാന്‍ ചോദിച്ചു.
'അതില്‍ പ്രശ്‌നമില്ല, ഇനി ഒന്നൊന്നര മാസത്തേയ്ക്കു ദിവസവും ജോലിയുറപ്പാണ് ' എന്ന് അവന്റെ മറുപടി.
'എന്തു ജോലിയാണെ'ന്നു ഞാന്‍ ചോദിച്ചു.
'ഇലക്ഷന്‍ വര്‍ക്കിനു പോകും.'
അതെനിക്കു പുതിയ അറിവായിരുന്നു.
ഇലക്ഷന്‍ വര്‍ക്കിനു ചെന്നാല്‍ നിത്യം 400 രൂപ കിട്ടുമെന്ന് അവന്‍ പറഞ്ഞു.
ഞാന്‍ ചോദിച്ചു, ''എനിക്കും കിട്ടുമോ.''
''പിന്നെന്താ ചേച്ചി, ആളെ എത്ര വേണമെങ്കിലും എടുക്കും. എല്ലാ പാര്‍ട്ടിക്കും ആളെ വേണം. ചേച്ചിക്ക് താല്‍പര്യമുണ്ടെങ്കില്‍ വന്നേയ്ക്ക്.''
''വീട്ടിലൊന്ന് ചോദിക്കട്ടെ'' എന്നു ഞാന്‍ പറഞ്ഞു.
പയ്യന്റെ ഫോണ്‍ നമ്പര്‍ വാങ്ങി. ആ ചെറുപ്പക്കാരന്‍ എന്റെ അപ്പന്റെ പാര്‍ട്ടി അനുഭാവിയാണ്. അവന്റെ വോട്ട് അപ്പനാണ്. അത്രയും സംസാരിച്ചിട്ടും ഞാന്‍ പറഞ്ഞില്ല, ആ സ്ഥാനാര്‍ഥിഎന്റെ അപ്പനാണെന്ന്. പിന്നീടു പലപ്പോഴും നഷ്ടബോധത്തോടെ ഓര്‍ക്കുന്ന കാര്യമാണ് അന്നു ഇലക്ഷന്‍ തൊഴിലാളിയായിപ്പോയി കൂലിയും ഭക്ഷണവും മേടിക്കാമായിരുന്നുവെന്ന്.
എന്റെ മകനോടു പത്താംക്ലാസ് കഴിഞ്ഞാല്‍ എന്തെങ്കിലും പാര്‍ട്ട്‌ടൈം ജോലിക്കു പോകണമെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. സ്വന്തം ആവശ്യങ്ങള്‍ക്കു സ്വന്തമായി അധ്വാനിച്ചു കാശു കണ്ടെത്തണമെന്നു നിര്‍ബന്ധമായും പറഞ്ഞിട്ടുണ്ട്.
ഇന്നലെ അവന്‍ എന്നോടു ചോദിക്കുകയാണ് അവന്‍ ഏതു പാര്‍ട്ടിയില്‍ ചേരണമെന്ന്. സി.പി.എമ്മില്‍ ചേരട്ടെ എന്നു ചോദിച്ച സെക്കന്റില്‍ തന്നെ കോണ്‍ഗ്രസില്‍ ചേരട്ടെ എന്നായി.
ഞാന്‍ പറഞ്ഞു ബി.ജെ.പിയില്‍ ചേര്‍ന്നോളാന്‍. (തമാശയാണേ)
അവന്‍ രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം ഒരു കൊല്ലം മുമ്പു ചോദിച്ചപ്പോള്‍ അപ്പന്‍ പറഞ്ഞത് 'രാഷ്ട്രീയം പഴയതു പോലെയല്ല' എന്നാണ്. നന്നായി പഠിക്കുവാന്‍ പറഞ്ഞു. എന്റെ മകന്റെ പ്രായത്തില്‍ രാഷ്ട്രീയം തുടങ്ങി 89 വയസില്‍ എത്തി നില്‍ക്കുന്ന അപ്പന്റെ അഭിപ്രായത്തില്‍ 'രാഷ്ട്രീയം നല്ലതല്ല ഇപ്പോള്‍' എന്നാണ്. ജീവിതം പാര്‍ട്ടിക്കു വേണ്ടി മാത്രം മാറ്റിവച്ച ഒരു രാഷ്ട്രീയക്കാരന്റെ അഭിപ്രായം ഇങ്ങനെയാണെങ്കില്‍ രാഷ്ട്രീയത്തിന്റെ നിലവാരം എത്രമാത്രം താഴ്ന്നിട്ടുണ്ടാകും. ആ നിലവാരമാറ്റം അറിഞ്ഞും അനുഭവിച്ചുമായിരിക്കുമല്ലോ അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കുക..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."