ജിംനാസ്റ്റിക്സ് ലോകകപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം
മെല്‍ബണ്‍: ജിംനാസ്റ്റിക്സ് ലോകകപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രം നേട്ടം സ്വന്തമാക്കി അരുണ ബുധ റെഡ്ഡി. വനിതകളുടെ വോള്‍ട്ട് ഇനത്തില്‍ 13.649 പോയിന്റുകളുമായി വെങ്കല മെഡല്‍ നേടിയാണ് അരുണ ഇന്ത്യയുടെ അഭിമാന താരമായത്. ദീപ കര്‍മാകര്‍ റിയോ ഒളിംപിക്സ് വോള്‍ട്ട് ഇനത്തില്‍ നാലാം സ്ഥാനം സ്വന്തമാക്കി ശ്രദ്ധേയ പോരാട്ടം നടത്തിയ ശേഷം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ മറ്റൊരു വനിതാ താരത്തിന്റെ മിന്നും പ്രകടനമായി 22 കാരിയായ അരുണയുടെ നേട്ടം മാറി. സ്ലോവാനിയന്‍ താരം ജസ കിസ്ലെഫ് സ്വര്‍ണവും ആസ്ത്രേലിയന്‍ താരം എമിലി വൈറ്റ്ഹെഡ് വെള്ളിയും നേടി. ഇന്ന് നടക്കുന്ന ഫ്ളോര്‍ ഇനത്തിന്റെ ഫൈനല്‍ റൗണ്ടില്‍ അരുണ മത്സരിക്കാനിറങ്ങുന്നുണ്ട്.
കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അരുണ ലോകകപ്പില്‍ പുറത്തെടുത്തത്. കരാട്ടെ പരിശീലക കൂടിയായ താരം ബ്ലാക്ക് ബെല്‍റ്റും സ്വന്തമാക്കിയിട്ടുണ്ട്. 2005ല്‍ ആദ്യ ദേശീയ മെഡല്‍ നേടി കരിയറില്‍ കുതിപ്പ് തുടങ്ങിയ അരുണ 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വോള്‍ട്ട് യോഗ്യതാ പോരാട്ടത്തില്‍ 14ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഏഷ്യന്‍ ഗെയിംസില്‍ ഒന്‍പതാം സ്ഥാനത്തെത്തിയ താരം കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ആറാം സ്ഥാനത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."