സഫീര്‍ വധം: അഞ്ചുപേര്‍ കസ്റ്റഡിയില്‍
മണ്ണാര്‍ക്കാട് (പാലക്കാട്): മണ്ണാര്‍ക്കാട് കോടതിപ്പടിയിലെ തുണിക്കടയില്‍ കുന്തിപ്പുഴ സ്വദേശി സഫീറിനെ (23) കുത്തിക്കൊന്ന കേസില്‍ അഞ്ചുപേര്‍ പൊലിസ് കസ്റ്റഡിയില്‍. സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായത്. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറായ വറോടന്‍ സിറാജുദീന്റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍.
ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലിസ് വ്യക്തമാക്കി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലിസ് കൂട്ടിച്ചേര്‍ത്തു. പിടിയിലായവര്‍ സി.പി.ഐ അനുഭാവികളാണ്. എന്നാല്‍ നേരത്തെ കുന്തിപ്പുഴയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് നാട്ടുകാര്‍ പറയുന്നത്. യൂത്ത് ലീഗ്, എം.എസ്.എഫ്.പ്രവര്‍ത്തകനായിരുന്നു സഫീര്‍. കുന്തിപ്പുഴ മല്‍സ്യ മാര്‍ക്കറ്റുമായി ബന്ധപെട്ടു സി.പി.ഐ ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. നേരത്തെയും സിറാജുദീന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സഫീറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പ്രദേശത്തേക്ക് വാഹനങ്ങളൊന്നും കടത്തിവിടുന്നില്ല.
ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. അക്രമി സംഘം ഓടി രക്ഷപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."