ജര്‍മനിയുടെ ആയുധം ആവശ്യമില്ലെന്ന് സഊദി
റിയാദ്: ജര്‍മനിയുടെ ആയുധങ്ങള്‍ തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍. യമന്‍യുദ്ധത്തിന്റെ പേരില്‍ സഊദിയിലേക്ക് ആയുധങ്ങള്‍ അയക്കുന്നതു നിര്‍ത്താനുള്ള ജര്‍മന്‍ സര്‍ക്കാരിന്റെ തീരുമാനത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
തീരുമാനം ആശ്ചര്യകരമാണെന്നും എന്നാല്‍ ജര്‍മന്‍ ആയുധങ്ങളെ സഊദി ആശ്രയിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡി.പി.എക്കു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
യമന്‍യുദ്ധം നിയമാനുസൃതമാണ്. യമനിലെ നിയമാനുസൃത ഭരണകൂടത്തിന്റെ ആവശ്യപ്രകാരമാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യം അവിടെ യുദ്ധത്തില്‍ ഏര്‍പ്പെട്ടത്. യു.എന്‍ രക്ഷാസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് യമനിലെ സൈനിക നടപടി. തങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ മറ്റു രാജ്യങ്ങളില്‍നിന്നു കണ്ടെത്തും. സിറിയയിലും ഇറാഖിലും ഐ.എസ് വിരുദ്ധ പോരാട്ടത്തിലും അഫ്ഗാനിലെ താലിബാന്‍വിരുദ്ധ പോരാട്ടത്തിലും പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് ജര്‍മനി ആയുധങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. എന്നാല്‍, നിയമാനുസൃത യുദ്ധങ്ങളില്‍ പങ്കടുക്കുന്ന സഊദി അടക്കമുള്ള രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതു നിര്‍ത്തലാക്കാനുള്ള നീക്കം വിരോധാഭാസകരമാണ്. ഇത് ജര്‍മന്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്കു നിരക്കുന്നതല്ലെന്നും മന്ത്രി ആദില്‍ അല്‍ ജുബൈര്‍ കൂട്ടിച്ചേര്‍ത്തു.
മധ്യപൗരസ്ത്യ ദേശത്തെ സംഘര്‍ഷങ്ങളില്‍ സഊദി അറേബ്യ സാഹസികതയുടെ രാഷ്ട്രീയമാണു പിന്തുടരുന്നതെന്ന് കഴിഞ്ഞ നവംബറില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിറകെയാണ് ആയുധകയറ്റുമതി നിര്‍ത്തലാക്കാനുള്ള തീരുമാനം. ഇതോടെ ജര്‍മനിയും സഊദിയും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പ്രസ്താവന പുറത്തുവന്നു രണ്ടു ദിവസത്തിനകം തങ്ങളുടെ അംബാസഡറെ സഊദി ബര്‍ലിനില്‍നിന്നു തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുവരെ ജര്‍മനിയിലേക്ക് സഊദി അംബാസഡറെ അയച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."