ജിഷ വധം; ഡി.എന്‍.എ സാംപിളുകള്‍ ഒരാളുടേതു തന്നെ
സ്വന്തം ലേഖകന്‍
കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു കുടുതല്‍ ഡി.എന്‍.എ സാംപിളുകള്‍ തിരിച്ചറിഞ്ഞത് അന്വേഷണത്തില്‍ വഴിത്തിരിവായി. കൂടാതെ പ്രതിക്കായി പൊലിസ് രണ്ടു പുതിയ രേഖാചിത്രങ്ങള്‍കൂടി തയാറാക്കിയിരിക്കുകയാണ്. പ്രതിയെ തിരിച്ചറിയുന്നതിനുള്ള സുപ്രധാന തെളിവുകളാണ് ലഭിച്ചിരിക്കുന്നത്്.
ജിഷയുടെ കൈവിരലിലെ നഖത്തില്‍നിന്നു ലഭിച്ച ചര്‍മകോശത്തിലെയും വീടിന്റെ വാതില്‍ കൊളുത്തില്‍ പുരണ്ട രക്തത്തിലെയും നേരത്തെ ജിഷയുടെ ശരീരത്തില്‍നിന്നു ലഭിച്ച ഉമിനീരിലെയും ഡി.എന്‍.എ ഒരാളുടേതാണെന്നു തിരുവനന്തപുരത്തെ കെമിക്കല്‍ എക്‌സാമിനര്‍ ലാബില്‍ നടത്തിയ രാസപരിശോധനയിലാണ് സ്ഥിരീകരിച്ചത്. പ്രതിയുടെ മുടി, ജിഷയുടെ ദേഹത്തു പതിഞ്ഞ പല്ലിന്റെ അടയാളം, വിരലടയാളം എന്നിവയും പൊലിസിനു ലഭിച്ചിട്ടുണ്ട്്.
ജിഷയുടെ പുറത്തു കടിയേറ്റ ഭാഗത്തു വസ്ത്രത്തില്‍ പുരണ്ടിരുന്ന ഉമിനീരിന്റെ ഡി.എന്‍.എ പ്രൊഫൈല്‍ പുരുഷന്റേതാണെന്നു നേരത്തേ തിരിച്ചറിഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍നിന്നുവരെ ഡി.എന്‍.എ ജിഷയുടെ വസ്ത്രത്തില്‍ പടര്‍ന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതു തെളിവായെടുക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തപ്പെട്ടത്.
പ്രതിയുടെ ഡി.എന്‍.എ ഘടനയും പല്ലിന്റെ ഘടനയും വിരലടയാളവും ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഈ മൂന്നു സവിശേഷതകളുമുള്ള ആളെ കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ള വെല്ലുവിളി. പല്ലിന്റെ അടയാളവുമായി സാമ്യമുള്ള ബംഗാള്‍ സ്വദേശിയെ പൊലിസ് തിരിച്ചറിഞ്ഞെങ്കിലും വിരലടയാളവും ഡി.എന്‍.എയും ഇയാളുടേതല്ലെന്നു വ്യക്തമായതോടെ വിട്ടയച്ചു. സംശയമുള്ള നിരവധി പേരുടെ ഡി.എന്‍.എ സാംപിള്‍ ശേഖരിച്ചു പരിശോധിച്ചെങ്കിലും ഒന്നും പൊരുത്തപ്പെട്ടില്ല.
കൊലയാളിക്കു മല്‍പിടുത്തത്തില്‍ പരുക്കേറ്റതായാണ് പൊലിസ് നിഗമനം. അതേസമയം, സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ പുതിയ രേഖാചിത്രങ്ങള്‍ പൊലിസ് തയാറാക്കുന്നുണ്ട്. ഒരു രേഖാചിത്രം ജിഷയുടെ വീടിനു സമീപം സംശയാസ്പദമായി കണ്ട ആളുടേതാണ്. രണ്ടാമത്തേതു കൊലനടത്തിയ ശേഷം ജിഷയുടെ വീട്ടില്‍നിന്നിറങ്ങിപ്പോയെന്നു സംശയിക്കുന്ന ആളുടേതുമാണ്. ഇത് ആദ്യഘട്ടത്തില്‍ വരച്ച രേഖാചിത്രത്തില്‍നിന്നു വ്യത്യസ്തമാണെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."