പാപ്പുവ ന്യൂഗിനിയ ഭൂകമ്പത്തില്‍ 14 മരണം
പോര്‍ട് മോറെസ്ബി: പാപ്പുവ ന്യൂ ഗിനിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 14 പേര് മരിച്ചു. ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലാണ് ആളുകള്‍ മരിച്ചത്. രാജ്യത്തെ ഒരു ഉള്‍നാടന്‍ പ്രദേശത്താണു സംഭവം.
തിങ്കളാഴ്ച രാവിലെയായിരുന്നു റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി സ്വര്‍ണഖനികളുള്ള എങ്ക പ്രവിശ്യയിലാണു സംഭവം. ദുരന്തത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മണ്ണിടിഞ്ഞതിനെ തുടര്‍ന്നു മേഖലയില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ടെലഫോണ്‍ ലൈനുകളും മുറിഞ്ഞ് വാര്‍ത്താവിനിമയം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പോര്ഗെരക്ക് 90 കിലോമീറ്റര്‍ അകലെയാണ് ആദ്യ ഭൂചലനമുണ്ടായത്. തുടര്‍ന്ന് നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടാകുകയായിരുന്നുവെന്ന് യു.എസിലെ ഭൂകമ്പ ശാസ്ത്രജ്ഞര്‍ പറഞ്ഞു. മണ്ണിടിച്ചിലുണ്ടായതു രക്ഷാപ്രവര്‍ത്തനത്തെയും കാര്യമായി ബാധിച്ചു. ചുരുങ്ങിയത് 300 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടെന്നാണു വിവരം.
മരണസംഖ്യ 30 ആയി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 1998ല്‍ രാജ്യത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ 2,200 പേര് മരിച്ചിരുന്നു. ന്യൂ ഗിനിയ ദ്വീപിന്റെ കിഴക്കുഭാഗവും മറ്റ് അനവധി ദ്വീപുകളും ചേര്‍ന്ന രാജ്യമാണ് പാപ്പുവ ന്യൂ ഗിനിയ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."