ഐ.എ.എസ് പ്രൈവറ്റ് സെക്രട്ടറിമാരെ തേടി മന്ത്രിമാര്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പിന്നാലെ ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രൈവറ്റ് സെക്രട്ടറിമാരായി ആവശ്യപ്പെട്ട് മന്ത്രിമാരും രംഗത്ത്. മന്ത്രിമാരായ ജി. സുധാകരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കെ.ടി.ജലീല്‍, ടി.എം.തോമസ് ഐസക് എന്നിവരാണ് ഐ.എ.എസ് പദവിയുള്ള പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കായി കാത്തിരിക്കുന്നത്.
അതേസമയം സംസ്ഥാന സര്‍വിസിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗംപേര്‍ക്കും മൂന്നും നാലും വകുപ്പിന്റെ ചുമതലകള്‍ ഉള്ളതിനാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലെത്താന്‍ സാധ്യത കുറവാണ്. ഭരണരംഗത്തു പുതുമുഖങ്ങളായ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലും ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും പ്രൈവറ്റ് സെക്രട്ടറിയായി പരിചയ സമ്പന്നരായ ഐ.എ.എസ് ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുസംബന്ധിച്ചു രണ്ടുദിവസത്തിനുള്ളില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥരുടെ ലഭ്യത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ഇരുവരും സുപ്രഭാതത്തോടു പറഞ്ഞു. അതേസമയം മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.കെ ബാലകൃഷ്ണനെ പ്രൈവറ്റ് സെക്രട്ടറിയാക്കാനാണു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ തീരുമാനം.
കഴിഞ്ഞ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി സര്‍വിസിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന രീതി തുടങ്ങിവച്ചത്. ഇപ്പോള്‍ കോഴിക്കോട് കലക്ടറായ എന്‍.പ്രശാന്ത് ആയിരുന്നു ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം. ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചപ്പോള്‍ ആഭ്യന്തര സെക്രട്ടറികൂടിയായ നളിനി നെറ്റോയെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും നിയമിച്ചു. മന്ത്രിമാരുടെ ഓഫിസില്‍ പ്രൊഫഷണലിസം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഐ.എ.എസ് ഓഫിസര്‍മാരെ നിയമിക്കുന്നത് എന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
രാഷ്ട്രീയക്കാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും അനധികൃതമായ ഇടപെടല്‍ അവസാനിപ്പിക്കുകയാണ് മറ്റൊരു ഉദ്ദേശ്യം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ആരോപണവിധേയരായിരുന്നു. അതേസമയം ഐ.എ.എസ് ഉദ്യോഗസ്ഥരെ പ്രൈവറ്റ് സെക്രട്ടറിമാരായി നിയമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഐ.എ.എസ് അസോസിയേഷന്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."