ലബനോൻ പ്രധാനമന്ത്രി സഅദ് ഹരീരി വീണ്ടും സഊദിയിൽ
റിയാദ്: ലബനോൻ പ്രധാനമന്ത്രി സഅദ് ഹരീരി വീണ്ടും സഊദിയിലെത്തി. രണ്ടു മാസം മുൻപ് സഊദിയിലെത്തി പ്രധാനമന്ത്രി പദം രാജിവെച്ചു വിവാദത്തിലായിരുന്ന ഇദ്ദേഹം വീണ്ടും കഴിഞ്ഞ ദിവസമാണ് സഊദിയിലെത്തിയത്. ഇദാദ്യമായാണ് ഔദ്യോഗിക സന്ദർശനത്തിനായി ഇദ്ദേഹം സഊദിയിലെത്തിയതെന്നും സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനെയും ഹിസ്ബുല്ലയെയും വിമര്‍ശിച്ചും തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചുമായിരുന്നു ഹരീരി റിയാദില്‍ വച്ച് സഊദി ടി.വിയിലൂടെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ സഊദി ഭരണകൂടം ഹരീരിയെ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തിയാണ് രാജിവയ്പ്പിച്ചതെന്നും ലബനോനില്‍ നിന്ന് ആരോപണമുയര്‍ന്നു.
ഇതേത്തുടര്‍ന്ന് ലബനോനില്‍ തിരിച്ചെത്തിയ ഹരീരിയാവട്ടെ, രാജിപ്രഖ്യാപനത്തില്‍ നിന്ന് പിന്‍മാറുകയും പ്രധാനമന്ത്രി പദത്തില്‍ തുടരുകയുമായിരുന്നു. സഊദിയുടെ ഭീഷണിയാണ് രാജിക്കുപിന്നിലെന്ന ആരോപണം ശക്തിപ്പെടുകയാണ് ഇതോടെ ചെയ്തത്. അതേത്തുടര്‍ന്ന് ഹരീരിയുമായി നല്ല ബന്ധത്തിലായിരുന്നില്ല സഊദി ഭരണകൂടം.
എന്നാല്‍ പുതിയ സംഭവ വികാസങ്ങള്‍ പഴയ സൗഹൃദത്തിലേക്ക് തിരിച്ചുപോവുന്നതിന്റെ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്. മേഖലയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് സഊദി ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഹരീരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലബനാനിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുകയാണ് സൗദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."