സഊദി ജവാസാത്ത് ഓണ്‍ലൈന്‍ പരിഷ്‌കരിച്ചു
റിയാദ്: അഞ്ചു സേവനങ്ങള്‍ കൂടി ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തി സഊദി പാസ്‌പോര്‍ട്ട് വിഭാഗം പരിഷ്‌കരിച്ചു. നിലവില്‍ ജവാസാത്ത് ഓഫിസുകളില്‍ നേരിട്ടെത്തി ചെയ്യേണ്ട കാര്യങ്ങളടക്കമുള്ളവയാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
വിദേശ തൊഴിലാളികളുടെയും ആശ്രിത വിസക്കാരുടെയും പുതുക്കിയ പാസ്‌പോര്‍ട്ടുകളിലേക്ക് നിലവിലെ വിസാ വിവരങ്ങള്‍ മാറ്റല്‍, വ്യക്തികള്‍ക്കു കീഴിലുള്ള തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം, അബ്ശിര്‍ അക്കൗണ്ട് ഉടമകള്‍ക്കു കീഴിലുള്ള വിദേശികളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രിന്റ് ഔട്ട്, ജവാസാത്തില്‍ നിന്നുള്ള നടപടികള്‍ നേരിട്ട് പൂര്‍ത്തിയാക്കുന്നതിന് മറ്റുള്ളവരെ ചുമതലപ്പെടുത്തല്‍, ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം എന്നിങ്ങനെയുള്ള സേവനങ്ങളാണ് ഓണ്‍ലൈന്‍ വഴിയാക്കിയത്.
ഇത്തരം നടപടികള്‍ ഓണ്‍ലൈന്‍ സേവനമായ അബ്ശിര്‍ വഴി പൂര്‍ത്തീകരിക്കാനാകുമെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്‌യ വ്യക്തമാക്കി. നിലവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ബന്ധപ്പെടുന്നത് പുതുക്കിയ പാസ്‌പോര്‍ട്ടിലേക്ക് നിലവിലെ വിസാ വിവരങ്ങള്‍ ചേര്‍ക്കുന്നതിനാണ്. ഈ സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയാകുന്നതോടെ പാസ്‌പോര്‍ട്ട് ഓഫിസുകളിലെ തിരക്ക് കുറയും. പുതിയ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഊദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഏറെ ഉപകാരപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."