അധ്യാപക നിയമനമായില്ല; ആര്‍.എം.എസ്.എ സ്‌കൂളുകളില്‍ ഇത്തവണയും 'ദുരിതപഠനം'
ജാഫര്‍ കല്ലട
നിലമ്പൂര്‍: സംസ്ഥാനത്തു ഹൈസ്‌കൂളുകളായി ഉയര്‍ത്തിയ ആര്‍.എം.എസ്.എ സ്‌കൂളുകളില്‍ സര്‍ക്കാര്‍ അധ്യാപകരെ നിയമിക്കാത്തതു മൂലം ഇത്തവണയും പഠനം ദുരിതത്തിലാകും. 2009 മുതല്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട നിരവധി സ്‌കൂളുകളുടെ സ്ഥിതിയാണിത്. ഇവിടങ്ങളില്‍ ഈ വര്‍ഷവും അധ്യാപക നിയമനത്തിനു നടപടികളാരംഭിച്ചിട്ടില്ല.
എസ്.എസ്.എ പദ്ധതി വിജയകരമായതിനെ തുടര്‍ന്നു മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണു രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍(ആര്‍.എം.എസ്.എ). 14 മുതല്‍ 18 വരെ വയസുള്ള എല്ലാവര്‍ക്കും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെയാണു പദ്ധതി ആരംഭിച്ചത്.
2017ഓടെ സാര്‍വലൗകിക വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുകയും 2020ഓടെ സാര്‍വലൗകിക വിദ്യാഭ്യാസമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നതിന് അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഹൈസ്‌കൂളും ഏഴു മുതല്‍ 10 കിലോമീറ്റര്‍ പരിധിയില്‍ ഹയര്‍ സെക്കന്‍ഡറിയും അനുവദിക്കാനായിരുന്നു പദ്ധതി.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ പ്രദേശങ്ങളില്‍ നിരവധി സ്‌കൂളുകള്‍ അനുവദിക്കപ്പെടുകയും യു.പി സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുകയും ചെയ്തു.
എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കപ്പുറമുള്ള വിഷയങ്ങളും മറ്റു ഭാഷാധ്യാപക, സ്‌പെഷലധ്യാപക തസ്തികകളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായതുമില്ല.
അധ്യാപകതസ്തിക സൃഷ്ടിച്ചു നിയമനം നടത്തുന്നതിനായുള്ള പി.ടി.എ കമ്മിറ്റികളുടെ സമരം ചില എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്കായി അട്ടിമറിക്കപ്പെട്ടെന്ന ആക്ഷേപവുമുണ്ട്.
എയ്ഡഡ് മാനേജ്‌മെന്‍ുകള്‍തന്നെ അധ്യാപക, വിദ്യാര്‍ഥി അനുപാതപ്രശ്‌നത്തില്‍ കോടതിയെ സമീപിച്ചപ്പോള്‍ അധിക അധ്യാപകരെ ആര്‍.എം.എസ്.എ സ്‌കൂളുകളില്‍ പുനര്‍വിന്യസിക്കാനുള്ള നീക്കത്തിനു കാലതാമസം നേരിടുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം തസ്തികനിര്‍ണയത്തിന് ഉത്തരവിറക്കിയെങ്കിലും ഇതുവരെ പൂര്‍ത്തിയാക്കാനായില്ല.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിത്യക്കൂലി അടിസ്ഥാനത്തില്‍ പി.ടി.എ അധ്യാപകരെ നിയമിച്ചാണു പഠനം മുന്നോട്ടു കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."