പാലിയേക്കര ടോള്‍ പ്ലാസയില്‍ ആനയെ പൊരിവെയിലത്ത് മണിക്കൂറുകളോളം നിര്‍ത്തി മാനേജരുടെ ക്രൂരത
പുതുക്കാട്: പാലിയേക്കര ടോള്‍ പ്ലാസയില്‍ ആനയെ പൊരിവെയിലത്തു മണിക്കൂറുകളോളം നിര്‍ത്തി മാനേജരുടെ പ്രതികാരം. പാലക്കാട് കല്ലേപ്പിള്ളി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞു മടങ്ങിയ ചെറുശ്ശേരി രാജേന്ദ്രന് എന്ന ആനയെയാണു നട്ടുച്ചക്കു പാലിയേക്കര ടോള്‍പ്ലാസയില്‍ മണിക്കൂറുകളോളം തടഞ്ഞു നിര്‍ത്തിയത് . ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ടോള്‍ നല്കി മുന്നോട്ടെടുത്ത ലോറി കമ്പനി അധികൃതര്‍ തടഞ്ഞിടുകയായിരുന്നു.
പിന്നീടു ഒന്നര മണിക്കൂറിലേറെ ദേശീയപാതയില്‍ ചുട്ടുപ്പൊള്ളുന്ന വെയിലില്‍ ആനയെ തടഞ്ഞു നിര്‍ത്തി. ആനയുടെ ഉടമസ്ഥന് വിവരമറിയിച്ചതിനെ തുടര്‍ന്നു വനപാലകര്‍ എത്തിയാണു വാഹനം വിട്ടുകിട്ടിയത്.
ആനകളെ വാടകക്കു നല്കുന്ന ടോള്‍ പ്ലാസയിലെ മാനേജരുടെ പ്രതികാര നടപടിയാണു സംഭവത്തിനു പിന്നിലെന്നു ലോറിയുടമ എറണാകുളം സ്വദേശി ശരത്ത് കുമാര്‍ പറഞ്ഞു. ഈ മാസം പത്തിനു ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നു വാഹനങ്ങള്‍ തുറന്നുവിട്ട കൂട്ടത്തില്‍ ഇതേ ലോറി മറ്റൊരു ആനയുമായി കടന്നു പോയിരുന്നു. ടോള്‍ ബൂത്തു കടന്ന ലോറി ജീവനക്കാരന് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്തിയില്ലെന്നും ഇതിനിടെ ലോറിയിടിച്ചു ബൂത്തിലെ യന്ത്രത്തിനു തകരാര്‍ സംഭവിച്ചുവെന്നുമാണു കമ്പനിയുടെ വാദം. എന്നാല്‍ ബൂത്തിലൂടെ ലോറി സുഗമമായി കടന്നു പോകുന്ന ദൃശ്യങ്ങള്‍ ടോള്‍ കമ്പനിയുടെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.
ലോറിയുടമ ഈ ദൃശ്യങ്ങളുമായി പുതുക്കാട് പൊലിസില്‍ പരാതി നല്കി. രണ്ടു ദിവസം മുന്‍പു പാലക്കാട്ടേക്കു ഉത്സവത്തിനു ആനയുമായി പോകുന്നതിനിടെയും ലോറി ദേശീയപാതയില്‍ തടഞ്ഞിട്ടിരുന്നതായി പരാതിയില്‍ പറയുന്നു.
പിന്നീടു നാട്ടുകാര്‍ ഇടപെട്ടാണു ലോറി വിട്ടുകിട്ടിയത്. അന്നു ലോറി തടഞ്ഞിട്ടതിനെ തുടര്‍ന്നു ആനയെ ഉത്സവത്തിനു പങ്കെടുപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിലൂടെ സംഭവിച്ച അറുപതിനായിരം രൂപയുടെ നഷ്ടം ടോള്‍ മാനേജര്‍ നല്‍കണമെന്നും പരാതിയില്‍ പറയുന്നു. പാലക്കാട് ഉത്സവം കഴിഞ്ഞു മടങ്ങുന്നതിനിടെയാണു ഇന്നലെ രാവിലെ വീണ്ടും ലോറി തടഞ്ഞിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."