സോളാര്‍ കമ്മിഷനെ തള്ളി ഉമ്മന്‍ചാണ്ടി; നിയമിച്ചത് നിങ്ങളല്ലേയെന്ന് ഹൈക്കോടതി
കൊച്ചി: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കമ്മിഷന് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നും തെളിവുകളുടേയും വസ്തുതകളുടേയും അടിസ്ഥാനത്തില്ലെന്നും ഉമ്മന്ചാണ്ടിയക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവര്‍ നല്കിയ ഹരജികള്‍ പരിഗണിക്കവെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാദം.
ശ്രീധരന് നായര്‍ കോടതിക്ക് നല്കിയ രഹസ്യ മൊഴി എങ്ങനെ കമ്മിഷന് തെളിവാകുമെന്നും കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു.
അതേസമയം, ഏത് സര്‍ക്കാരിന്റെ കാലത്താണ് ഈ കമ്മിഷനെ നിയോഗിച്ചതെന്ന് കോടതി തിരിച്ചുചോദിച്ചു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണെന്ന് മറുപടി പറഞ്ഞപ്പോള്‍ നിങ്ങള്‍ തന്നെയല്ലേ അത് ചെയ്തതെന്ന് കോടതി വിമര്‍ശിച്ചു. ആ കമ്മിഷന് നിയമവിരുദ്ധമാണെന്ന് എങ്ങനെ പറയാനാകുമെന്നും കമ്മിഷന്റെ പ്രവര്‍ത്തനത്തെ അപ്പോള്‍ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദ്യം ഉന്നയിച്ചു.
മുഖ്യമന്ത്രി എന്ന സ്ഥാനത്ത് ഇരുന്നു കൊണ്ടാണ് അന്ന് ഉമ്മന്‍ ചാണ്ടി തീരുമാനമെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഒരു വ്യക്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ മൗലിക അവകാശങ്ങളില്‍ ലംഘനമുണ്ടായാല്‍ അത് ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്ന് കപില്‍ സിബല്‍ മറുപടി നല്കി.
ഇതോടെ കമ്മിഷനെ നിയമിച്ചുകൊണ്ട് ഉത്തരവിട്ട മന്ത്രിസഭാ രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."