ഇറ്റാലിയന്‍ കപ്പ്: യുവന്റസ്- മിലാന്‍ ഫൈനല്‍
മിലാന്‍: ഇറ്റാലിയന്‍ കപ്പ് പോരാട്ടത്തിന്റെ ഫൈനലില്‍ കരുത്തന്‍മാര്‍ നേര്‍ക്കുനേര്‍. നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് കരുത്തരായ എ.സി മിലാനുമായി ഫൈനലില്‍ ഏറ്റുമുട്ടും.
ഇരു പാദ സെമിയില്‍ യുവന്റസ് അറ്റ്‌ലാന്‍ഡയെ 2-0ത്തിന് തകര്‍ത്തപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ ലാസിയോയെ പെനാല്‍റ്റിയിലേക്ക് നീണ്ട രണ്ടാം പാദ പോരാട്ടത്തില്‍ 5-4ന് തകര്‍ത്താണ് മിലാന്‍ മുന്നേറിയത്.
യുവന്റസ്- അറ്റ്‌ലാന്‍ഡ് പോരാട്ടത്തിന്റെ ആദ്യ പാദത്തിലും രണ്ടാം പാദത്തിലും യുവന്റസ് 1-0ത്തിന്റെ വിജയമാണ് സ്വന്തമാക്കിയത്. ലാസിയോക്കെതിരേ ഇരു പാദ പോരാട്ടത്തിന്റെ നിശ്ചിത സമയത്തും മിലാന്‍ ഗോളടിക്കാതെ പോയപ്പോള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
ഷൂട്ടൗട്ടില്‍ 5-4നാണ് മിലാന്‍ വിജയം പിടിച്ചെടുത്തത്. വിവിധ പോരാട്ടങ്ങളിലായി പരാജയമറിയാതെ കുതിപ്പ് തുടരുന്ന മിലാന്‍ ആ മികവ് ലാസിയോക്കെതിരേയും പുറത്തെടുക്കുകയായിരുന്നു. 2002- 03 സീസണില്‍ കിരീടം നേടിയ ശേഷം പിന്നീട് ഇറ്റാലിയന്‍ കപ്പില്‍ മുത്തമിടാന്‍ കഴിയാത്ത മിലാന് അതിനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി കിരീടം നേടുന്ന യുവന്റസ് കിരീടം നിലനിര്‍ത്താനാണിറങ്ങുന്നത്. നിലവില്‍ 12 ഇറ്റാലിയന്‍ കപ്പുമായി യുവന്റസ് തന്നെ ഒന്നാം സ്ഥാനത്ത്.
ഫ്രഞ്ച് കപ്പ്: പി.എസ്.ജി സെമിയില്‍
പാരിസ്: നിലവിലെ ചാംപ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്ന്‍ ഫ്രഞ്ച് കപ്പ് പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ഒളിംപിക് മാഴ്‌സയെ വീഴ്ത്തി. നെയ്മറുടെ അഭാവത്തില്‍ കളിക്കാനിറങ്ങിയ പി.എസ്.ജിക്കായി അര്‍ജന്റീന താരം എയ്ഞ്ചല്‍ ഡി മരിയ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിച്ച ഗോള്‍ എഡിന്‍സന്‍ കവാനി വലയിലാക്കി. കളിയുടെ 45, 48 മിനുട്ടുകളിലാണ് മരിയ വല ചലിപ്പിച്ചത്. കവാനിയുടെ ഗോള്‍ 81ാം മിനുട്ടിലായിരുന്നു.
എഫ്.എ കപ്പ്: ടോട്ടനം ക്വാര്‍ട്ടറില്‍
ലണ്ടന്‍: ദുര്‍ബലരായ റോച്‌ഡെയ്‌ലിനെ തകര്‍ത്തെറിഞ്ഞ് ടോട്ടനം ഹോട്‌സ്പര്‍ ഇംഗ്ലീഷ് എഫ്.എ കപ്പ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറിലേക്ക് കടന്നു. ലോറെന്റെ നേടിയ ഹാട്രിക്ക് ഗോളുകളുടെ ബലത്തില്‍ ഒന്നിനെതിരേ ആറ് ഗോളുകള്‍ക്കാണ് ടോട്ടനം വിജയം സ്വന്തമാക്കിയത്. ലോറെന്റെ ഹാട്രിക്ക് നേടിയപ്പോള്‍ സന്‍ ഹ്യുങ് മിന്‍ ഇരട്ട ഗോളുകള്‍ വലയിലാക്കി. ശേഷിച്ച ഒരു ഗോള്‍ കെയ്ല്‍ വാകര്‍ നേടി. ക്വാര്‍ട്ടറില്‍ സ്വാന്‍സീ സിറ്റിയാണ് ടോട്ടനത്തിന്റെ എതിരാളി.
ക്വാര്‍ട്ടറിലെ മറ്റ് പോരാട്ടങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്- ബ്രൈറ്റനുമായും ലെയ്സ്റ്റര്‍ സിറ്റി- ചെല്‍സിയുമായും സതാംപ്ടന്‍- വിഗാന്‍ അത്‌ലറ്റിക്‌സുമായും ഏറ്റുമുട്ടും. ഈ മാസം 17, 18 തിയതികളിലാണ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."