വയോജനങ്ങള്‍ക്കായി പ്രത്യേക ആരോഗ്യപദ്ധതിയുണ്ടാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനങ്ങള്‍ക്കായി പ്രത്യേക ആരോഗ്യപദ്ധതിക്ക് രൂപം നല്‍കാന്‍ ശുപാര്‍ശ. മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശയുള്ളത്. വാര്‍ധക്യമെന്നത് ആരോഗ്യത്തിന്റെ ശോഷിപ്പു കൂടിയായതിനാല്‍ ജറിയാട്രിക്‌സ് എന്ന ശാസ്ത്ര ശാഖയ്ക്കു പ്രസക്തിയേറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ധക്യസഹജമായി ഉണ്ടായേക്കാവുന്ന അസുഖങ്ങളായ പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ്, ശ്രവണ- കാഴ്ചാ വൈകല്യങ്ങള്‍ തുടങ്ങിയവയുടെ ചികിത്സയ്ക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ മുതല്‍ക്കുള്ള ആശുപത്രികളില്‍ ജറിയാട്രിക് ക്ലിനിക്കുകള്‍ സ്ഥാപിക്കണം. ഇത്തരം ക്ലിനിക്കുകളില്‍ പരിശോധനയ്‌ക്കൊപ്പം ആവശ്യമുള്ള സഹായോപകരണങ്ങള്‍, ശ്രവണ- കാഴ്ചാ ഉപകരണങ്ങള്‍, വാക്കറുകള്‍, വീല്‍ചെയറുകള്‍ എന്നിവ രോഗികള്‍ക്ക് ആവശ്യമെങ്കില്‍ സൗജന്യമായി വിതരണം ചെയ്യാന്‍ സംവിധാനമുണ്ടാക്കണം.
സംസ്ഥാനത്തെ അവശ്യസേവന കേന്ദ്രങ്ങളായ ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, മുതലായ സ്ഥാപനങ്ങളില്‍നിന്ന് വയോജനങ്ങള്‍ക്കു ലഭിക്കുന്ന സേവനങ്ങള്‍ ഇനിയും ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ട്. എല്ലാ ആശുപത്രികളിലെയും വഴി, പടവുകള്‍, തറ, കട്ടില്‍, ശുചിമുറി എന്നിവ വയോജനങ്ങള്‍ക്കു കൂടി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ മാറ്റണം.
വയോജനങ്ങള്‍ക്ക് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ജില്ലാ കലക്ടറേറ്റുകളില്‍ സിഥിതിചെയ്യുന്ന മിനി സിവില്‍ സ്റ്റേഷനുകളെ നിരന്തരം സമീപിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍, ഈ ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിലേക്ക് എത്തിപ്പെടാന്‍ ലിഫ്റ്റ് സൗകര്യം ഇല്ലാത്തതിനാല്‍ അവര്‍ വളരെയധികം ബുദ്ധിമുട്ടുന്നു. അതുകൊണ്ട് സംസ്ഥാനത്തെ എല്ലാ മിനി സിവില്‍ സ്റ്റേഷനുകളിലും ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തണം. വയോജനങ്ങള്‍ നിരന്തരം സന്ദര്‍ശിക്കുന്ന സര്‍ക്കാര്‍ ഓഫിസുകളില്‍ വീല്‍ചെയര്‍ സജ്ജമാക്കണം. അവിടെ ആ സൗകര്യം ലഭ്യമാണെന്ന് എഴുതിവയ്ക്കുകയും വേണമെന്നും ശുപാര്‍ശയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."