പെന്‍ഗ്വിനുകളുടെ 'സൂപ്പര്‍ കോളനി' അന്റാര്‍ട്ടിക്കയില്‍
ലണ്ടന്‍: ലോകത്തെ ഏറ്റവും വലിയ പെന്‍ഗ്വിന്‍ കോളനി കണ്ടെത്തി ബഹിരാകാശ ചിത്രം. അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിലെ വടക്കന്‍ മേഖലയിലാണ് പത്തു ലക്ഷത്തിലേറെ പെന്‍ഗ്വിനുകളുടെ അധിവാസകേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. അഡെലി ഇനത്തില്‍പ്പെട്ട പെന്‍ഗ്വിനുകളുടെ കോളനിയാണിത്.
അമേരിക്കയിലെയും ബ്രിട്ടനിലെയും ഒരുകൂട്ടം ഗവേഷകരാണു പുതിയ കണ്ടെത്തലിനു പിന്നിലുള്ളത്.
ഡെയ്ന്‍ജര്‍ ഐലന്‍ഡ്‌സ് എന്ന പേരുള്ള പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഉപദ്വീപിലെ ചിത്രങ്ങളാണ് ബഹിരാകാശത്തുനിന്നു പകര്‍ത്തിയിരിക്കുന്നത്. പേരു പോലെ തന്നെ അപകടം പിടിച്ച പ്രദേശമാണ് ഡെയ്ന്‍ജര്‍ ഉപദ്വീപ്.
വേനല്‍ക്കാലത്തു പോലും സമുദ്ര ഹിമപാളികള്‍ നിറഞ്ഞ ഇവിടേക്കു പോകാന്‍ ഒരു സാഹസികരും മുതിരാറില്ല.
2015ല്‍ ഡ്രോണ്‍ അടക്കമുള്ള ആധുനിക കാമറാ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഗവേഷകസംഘം ഇവിടത്തെ പെന്‍ഗ്വിനുകളെ കുറിച്ചു പഠിക്കാനുള്ള ദൗത്യത്തിനു തുടക്കമിട്ടത്.
ഡ്രോണ്‍ കാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് ഏകദേശ കണക്കെടുപ്പ് നടത്തുകയാണ് ചെയ്യാറ്.
ഭൂമിയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പകര്‍ത്തുന്ന ഏറ്റവും വലിയ ബഹിരാകാശ കമ്പനിയായ അമേരിക്കയിലെ ലാന്‍ഡ്‌സാറ്റിന്റെ സഹായത്തോടെയാണ് ഡെയ്ന്‍ജര്‍ ദ്വീപിലെ പെന്‍ഗ്വിനുകളുടെ ചിത്രം പകര്‍ത്തിയത്.
ലാന്‍ഡ്‌സാറ്റുകള്‍ കൂടുതല്‍ സൂക്ഷ്മമായ ചിത്രങ്ങളായിരുന്നില്ല പകര്‍ത്തിയിരുന്നത്. ഇതിനാല്‍ ഈ ചിത്രങ്ങളില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി ഗവേഷണം നടത്തിയാണ് ഇവയുടെ എണ്ണം തിട്ടപ്പെടുത്താനുള്ള ശ്രമം നടക്കുന്നത്. 7,51,527 അഡെലി പെന്‍ഗ്വിന്‍ ജോടികള്‍ ഡെയ്ന്‍ജര്‍ ദ്വീപിലുണ്ടെത്താണു സംഘം കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥാമാറ്റങ്ങള്‍ പെന്‍ഗ്വിനുകളുടെ വംശനാശഭീഷണിക്കിടയാക്കുന്നതായുള്ള പഠനങ്ങള്‍ക്കിടെയാണു പുതിയ കണ്ടെത്തലെന്നതു ശ്രദ്ധേയമാണ്. 'സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ' എന്ന ശാസ്ത്ര ജേണലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."