സംസ്ഥാനത്ത് മരുന്നിന് കൊള്ളലാഭം വാങ്ങുന്നുവെന്ന് വിവരാവകാശ രേഖ
നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ മരുന്ന് കൊള്ളയ്ക്ക് തെളിവായി വിവരാവകാശരേഖ. സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷനാണ് (കെ.എം.സി.എല്‍) പത്തുമടങ്ങ് കൊള്ളലാഭം മരുന്നുകള്‍ക്ക് വാങ്ങുന്നതായി വിവരാവകാശ രേഖയില്‍ മറുപടി നല്‍കിയിരിക്കുന്നത്. ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫ് തെറ്റയില്‍ സര്‍ക്കാറിന് നല്കിയ വിവരാവകാശത്തിന് മറുപടിയായാണ് കെ.എം.സി.എല്‍ മരുന്നുകൊള്ളയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
സര്‍ക്കാറിന് ലഭിക്കുന്ന മരുന്നുകള്‍ക്കാണ് പത്തും പതിനഞ്ചും ഇരട്ടി വിലയാണ് എം.ആര്.പിയായി വാങ്ങുന്നത്. മരുന്നുകവറില് പ്രിന്റ് ചെയ്തിരിക്കുന്ന എം.ആര്.പി പതിന്മടങ്ങാണെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ഇക്കാര്യം അറിയാമോ എന്ന ചോദ്യത്തിന് സര്‍ക്കാറിന് അറിയാം എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. ചെറിയ വിലക്കാണ് സര്‍ക്കാറിന് മരുന്നുകള്‍ ലഭിക്കുന്നത്. ഇത് വില്പന നടത്തുന്നതാകട്ടെ എം.ആര്.പി വിലയിലും. ജീവന്‍രക്ഷാ മരുന്നുകള്‍ക്കും, കാന്‍സറിനുള്ള മരുന്നുകള്‍ക്കുമാണ് ഇത്തരത്തില്‍ ഭീമമായി തുക എം.ആര്.പി പ്രിന്റ് ചെയ്ത് വില്പന നടത്തിവരുന്നത്.
ഉല്പാദകരാണ് ഇവ പ്രിന്റ് ചെയ്യുന്നതെങ്കിലും സര്‍ക്കാറിന്റെ മൗനാനുവാദത്തോടെയാണ് ഇവയുടെ വില്പന. ബ്ലാക്ക്ലിസ്റ്റ് ചെയ്ത മരുന്നു കമ്പനികളുടെ പേര് വിവരങ്ങളും രേഖയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."