മലപ്പുറം നഗരസഭാ കൗണ്‍സില്‍: കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ കയറ്റിയയക്കും
മലപ്പുറം: നഗരസഭയില്‍ നിലവില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ഒരു ലോഡിന് 27,000 രൂപ നിരക്കില്‍ കൊണ്ടുപോകാന്‍ കൗണ്‍സില്‍ യോഗത്തില്‍ അനുമതിയായി.
വൈദ്യുതി കണക്ഷന്‍ ലഭ്യമാകുന്നതോടെ നഗരസഭാ ഓഫിസിന്റെ സമീപം പുതുതായി സ്ഥാപിച്ച ട്രഞ്ചിങ് യൂനിറ്റ് സജ്ജമാവുമെന്നും ഇത് പ്രവര്‍ത്തനം തുടങ്ങിയാല്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗപ്പെടുത്തി വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുമെന്നും നഗരസഭാ അധ്യക്ഷ സി.എച്ച് ജമീല ടീച്ചര്‍ പറഞ്ഞു. നഗരത്തിലെ കുന്നുമ്മല്‍, കോട്ടപ്പടി, കിഴക്കേത്തല എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് തെരുവുവിളക്കുകളുടെ വാര്‍ഷിക അറ്റകുറ്റപണിക്കായി ലഭിച്ച ടെണ്ടറുകളില്‍ തുക കൂടുതലായതിനാല്‍ വിഷയം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം പരിഗണിക്കാമെന്ന് യോഗം തീരുമാനിച്ചു.
പി.എം.എ.വൈ ഭവന പദ്ധതിക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ച തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരേ ഭരണപക്ഷം രംഗത്തെത്തി. ഇതിനെതിരേ സര്‍ക്കാറിനെ സമീപിക്കുമെന്ന് ജമീല ടീച്ചര്‍ പറഞ്ഞു. പദ്ധതിയുടെ യൂനിറ്റ് നിരക്ക് 1-4-2017 മുതല്‍ അപേക്ഷിക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപയാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇതുവരെ മൂന്ന് ലക്ഷം രൂപയാണ് പദ്ധതി വഴി ലഭിച്ചിരുന്നത്. ഇതില്‍ 1,5000 രൂപ കേന്ദ്രവിഹിതവും 50,000 രൂപ സംസ്ഥാന വിഹിതവും 2,00,000 രൂപ നഗരസഭാ വിഹിതവുമാണ്.
ഇതുപ്രകാരം പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ടര കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. യോഗത്തില്‍ സി.ച്ച് ജമീല ടീച്ചര്‍ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."