ബ്രിട്ടനു വേണ്ടി ചാരപ്പണി ചെയ്ത മുന്‍ റഷ്യന്‍ സൈനികനുനേരെ വിഷപ്രയോഗം
ലണ്ടന്‍: ബ്രിട്ടനു വേണ്ടി ചാരപ്പണി ചെയ്ത മുന്‍ റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനും മകള്‍ക്കും നേരെ വിഷവസ്തു പ്രയോഗം. 66കാരനായ സെര്‍ജി സ്‌ക്രിപലും മകള്‍ 33കാരിയായ യൂലിയയും ആശുപത്രിയില്‍ ഗുരുതരനിലയില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ റഷ്യക്കെതിരേ മുന്നറിയിപ്പുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.
ബ്രിട്ടനിലെ സാലിസ്ബറി വ്യാപാരകേന്ദ്രത്തിലെ റസ്റ്റോറന്റിനു മുന്നിലാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഇവരെ കണ്ട സമീപത്തുണ്ടായിരുന്നയാള്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇരുവരും ഇരുന്ന സ്ഥലത്തുനിന്ന് അജ്ഞാതവസ്തു പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിനു പിന്നില്‍ റഷ്യയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി. എന്നാല്‍, ബ്രിട്ടന്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് റഷ്യ അറിയിച്ചു.
റഷ്യന്‍ സൈന്യത്തിലെ മുന്‍ കേണലായിരുന്നു സെര്‍ജി. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന റഷ്യന്‍ ഏജന്റുമാരുടെ വിവരങ്ങള്‍ ബ്രിട്ടനു ചോര്‍ത്തിയതിന് ഇയാള്‍ പിടിയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."