വേണം വനിതകള്‍ക്ക് ജീവിക്കാനുള്ള അവകാശം
വീണ്ടുമൊരു വനിതാദിനം കടന്നുവരുന്നു. കേരളത്തിലെ രാഷ്ട്രീയമണ്ഡലത്തില്‍ സ്ത്രീകള്‍ക്കായി ശബ്ദിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഏറെയുണ്ടെങ്കിലും പ്രായോഗികതലത്തില്‍ സ്ത്രീകള്‍ക്കു നല്‍കുന്ന പ്രാതിനിധ്യം വളരെക്കുറവാണെന്നതു യാഥാര്‍ഥ്യം. മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കു പോഷക സംഘടനകളായി മഹിളാപ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പരിപാടികള്‍ക്ക് ആളെക്കൂട്ടുന്നതിനപ്പുറം ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം പോകാറില്ല.
കേരളത്തില്‍ പീഡനവാര്‍ത്തയുണ്ടാകുമ്പോള്‍ മാത്രമാണു സ്ത്രീ സുരക്ഷിതയല്ലെന്ന ചര്‍ച്ചയുണ്ടാകുന്നതും പൊതുസമൂഹം രംഗത്തുവരുന്നതും. ഗോവിന്ദച്ചാമിയും പള്‍സര്‍ സുനിയുമൊക്കെ നിയമത്തിനു മുന്നിലേക്കാള്‍ സമൂഹത്തിനു മുന്നിലെ കൊടുംകുറ്റവാളികളാണ്. ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ചുള്ള ശിക്ഷയിലും സമൂഹം തൃപ്തരാകില്ല. ഒരുപക്ഷേ നിയമത്തിന്റെ പരിമിതിയായിരിക്കാം ഇത്തരം കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാതെ പോകുന്നതിനു പ്രധാനകാരണം.
കേരളത്തെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയതില്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് സര്‍ക്കാരുകളുടെ പങ്ക് വലുതാണ്. ഭൂപരിഷ്‌കരണനിയമം തൊട്ടു ജനസമ്പര്‍ക്ക പരിപാടിവരെ വ്യത്യസ്തമായ ഇടപെടലുകളുണ്ടായി. സ്ത്രീപുരുഷബന്ധത്തെ, മനുഷ്യവംശം നിലനിര്‍ത്തുന്നതിനു മാത്രമുള്ളതാണെന്ന പ്ലേറ്റോ സങ്കല്‍പ്പത്തിനുപരി, ആത്മീയതലത്തിലാണു നാം ഉള്‍ക്കൊണ്ടിട്ടുള്ളത്. സ്ത്രീയും പുരുഷനും തുല്യരാണെന്നും വിവാഹത്തിലൂടെ എല്ലാവിധ കഴിവുമുള്ള സ്ത്രീകള്‍പോലും കുടുംബത്തിലേക്കു മാത്രമായി ചുരുക്കപ്പെടുമെന്ന കാരണത്താലാണു പ്ലേറ്റോ കുടുംബമെന്ന ആശയം തള്ളുന്നത്.
ആ അര്‍ഥത്തില്‍ ലിംഗനീതിക്കായി ശബ്ദിച്ച ആദ്യ വ്യക്തിയായി പ്ലേറ്റോയെ വ്യാഖ്യാനിക്കാം. എന്നാലും ലിംഗനീതിക്കായി അദ്ദേഹം കൊണ്ടുവന്ന ആശയം ഉള്‍ക്കൊള്ളാനാവില്ല.
ഇന്ത്യക്കാരന്‍ അമേരിക്കക്കാരനോടു വിവാഹസ്വാതന്ത്ര്യത്തെക്കുറിച്ചു പറയുന്ന കഥ വാട്‌സ്ആപ്പില്‍ പ്രചരിച്ചിരുന്നു. 'ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പെണ്ണിനെ വിവാഹം കഴിക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യമില്ലെ'ന്നാണ് ഇന്ത്യക്കാരന്റെ പരാതി.
അതു ശരിവയ്ക്കുന്ന അമേരിക്കക്കാരന്‍, 'സ്വാതന്ത്ര്യമുള്ളതുകൊണ്ടു ഞാന്‍ എനിക്കിഷ്ടമുള്ള എന്നേക്കാള്‍ മൂത്ത, വിധവയായ സ്ത്രീയെ മൂന്നുവര്‍ഷം പ്രേമിച്ചു വിവാഹം കഴിച്ചെന്നും രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ എന്റെ അച്ഛന്‍, ആ സ്ത്രീയുടെ ആദ്യവിവാഹത്തിലെ മകളെ പ്രേമിച്ചു വിവാഹം കഴിച്ചെന്നും' പറയുന്നു.
അച്ഛനിപ്പോള്‍ തന്റെ മരുമകനും താന്‍ അച്ഛന്റെ അമ്മായിയപ്പനുമായെന്നും നിയമപരമായി തന്റെ ഭാര്യയുടെ മകള്‍ തന്റെ അമ്മയും തന്റെ ഭാര്യ തന്റെ അമ്മൂമ്മയാണെന്നും അയാള്‍ പറയുന്നു. തീര്‍ന്നില്ല, തനിക്കൊരു മകനുണ്ടായപ്പോള്‍ തന്റെ അച്ഛനു തന്റെ മകന്‍ സഹോദരീ ഭര്‍ത്താവായി. അതു കൊണ്ടുതന്നെ തന്റെ മകന്‍ തന്റെ അമ്മാവനും. അച്ഛനു മകനുണ്ടായപ്പോള്‍ അവന്‍ തനിക്കു പേരക്കുട്ടി കൂടിയായി. അങ്ങനെ ആര് ആരെ എന്തു വിളിക്കുമെന്നറിയാതെ ഭ്രാന്തെടുത്തു നടക്കുകയാണെന്ന് അമേരിക്കക്കാരന്‍ പറഞ്ഞു.
അത്തരം സംസ്‌കാരം നോക്കിയാല്‍ നമ്മുടെ സംസ്‌കാരം മഹത്തരമാണ്. കുടുംബജീവിതം പവിത്രമായി കാണുന്ന നാട്ടില്‍ നടക്കുന്ന രാഷ്ട്രീയകൊലപാതകം സ്ത്രീകള്‍ക്കു നേരേയുള്ള അതിക്രമമാണ്.
വീട്ടിനും നാട്ടിനും പ്രിയങ്കരനായിരുന്ന ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയകേരളത്തിന്റെ ഭീകരമുഖം ഓര്‍മപ്പെടുത്തുന്നു.
സ്ത്രീ കുടുംബത്തില്‍ ഒരേസമയം മാതാവ്, മകള്‍, സഹോദരി എന്നിങ്ങനെ വ്യത്യസ്തപദവി വഹിക്കുന്നുണ്ട്. കേരളത്തില്‍ സ്ത്രീകള്‍ നേരിട്ടു രാഷ്ട്രീയകൊലപാതകത്തിന് ഇരയായിട്ടില്ലെങ്കിലും ഒരുപാടു സ്ത്രീകള്‍ ജീവിക്കുന്ന രക്തസാക്ഷികളായി നമുക്കു ചുറ്റിലുമുണ്ട്.
കണ്ണൂരില്‍ മാത്രം ഇരുന്നൂറിലധികം രാഷ്ട്രീയകൊല നടന്നിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന കൊലയും ഭീകരത തന്നെയാണ്. ഓരോ രാഷ്ട്രീയകൊലപാതകമുണ്ടാകുമ്പോഴും സ്ത്രീക്കു നഷ്ടമാകുന്നതു മകനെയോ പിതാവിനെയോ ഭര്‍ത്താവിനെയോ സഹോദരനെയോ ആണ്.
കൊലക്കത്തിക്കിരയാകുന്നവര്‍ സാധാരണക്കാരായതിനാല്‍ കുടുംബത്തിന്റെ സാമ്പത്തികഭദ്രത തകരുന്നു. സ്ത്രീ ചെറുപ്രായത്തില്‍ വിധവയും അനാഥയുമാകുന്നു. എന്തിനുവേണ്ടിയാണു ഞങ്ങളുടെ സഹോദരനെ കൊന്നതെന്നു ശുഹൈബിന്റെ പെങ്ങള്‍ വിലപിക്കുന്നതു പൊതുസമൂഹം കണ്ടതാണ്.
കണ്ണൂരില്‍ അടുത്തിടെ ഒരു കുടുംബത്തില്‍ രണ്ടുപേര്‍ രണ്ടുഘട്ടങ്ങളിലായി കൊല്ലപ്പെട്ടു. ആദ്യം അച്ഛന്‍, ഇപ്പോള്‍ മകനും. കൊലപാതകം നടന്നാല്‍ പൊട്ടിക്കരയുന്ന അമ്മപെങ്ങമ്മാരുടെ വൈകാരികമായ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ കാണാം.
ഇത്തരം വൈകാരികചിത്രങ്ങളുപയോഗിച്ചു പ്രചാരണവും സംഘടിപ്പിക്കുന്നു. തങ്ങളെപ്പോലുള്ളവര്‍ക്കും കുടുംബമുണ്ടെന്നും ആ കുടുംബത്തിന്റെ ഭദ്രത തകര്‍ക്കരുതെന്നും രാഷ്ട്രീയപ്രവര്‍ത്തകര്‍ ചിന്തിക്കുന്നില്ല.
രക്തസാക്ഷി മണ്ഡപം പണിതതു കൊണ്ടോ, ചിതാഭസ്മറാലി നടത്തിയതുകൊണ്ടോ, കുടുംബാംഗത്തിനു ജോലി നല്‍കിയതുകൊണ്ടോ തിരിച്ചുനല്‍കാന്‍ പറ്റില്ല കുടുംബത്തിന്റെ തകര്‍ന്നുപോയ പ്രതീക്ഷകള്‍.
കേരളത്തിലിടക്കിടെയുണ്ടാകുന്ന കൊലപാതകങ്ങള്‍ സ്ത്രീകളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരേയുള്ള വെല്ലുവിളിയാണ്. ഭര്‍ത്താവ് , മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോഴാണു ജീവിതം അര്‍ഥപൂര്‍ണമാകുന്നത്. ആ അര്‍ഥത്തില്‍ ജീവിക്കാനുള്ള അവകാശത്തെ ധ്വംസിക്കുന്നവരായി മാറുകയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍.
രാഷ്ട്രീയകൊലപാതകങ്ങളുണ്ടാകുമ്പോള്‍ മഹിളാസംഘടനകള്‍ രാഷ്ട്രീയാതീതമായി അപലപിക്കാറില്ല. ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന ഫെമിനിസ്റ്റ് ഗ്രൂപ്പുകളും ഇതിനെ വിശാലാര്‍ഥത്തില്‍ ഏറ്റെടുക്കാറില്ല.
പുരുഷനെപ്പോലെ എല്ലാ സ്വാതന്ത്ര്യവും വേണമെന്നു വാദിക്കുന്ന ഫെമിനിസ്റ്റുകള്‍ രാഷ്ട്രീയകൊലപാതകങ്ങളുടെ യഥാര്‍ഥ ഇര സ്ത്രീയാണെന്നു തിരിച്ചറിയണം.
അതു സാധ്യമാകണമെങ്കില്‍ പാശ്ചാത്യ ഫെമിനിസ്റ്റ് സങ്കല്‍പ്പത്തില്‍നിന്നു മാറി കുടുംബമെന്ന സങ്കല്‍പ്പത്തിന്റെ ഊഷ്മളത ഉള്‍ക്കൊള്ളാന്‍ ശ്രമിക്കണം. കക്ഷിരാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം ബഹുജന മുന്നേറ്റത്തിലൂടെ മാത്രമേ രാഷ്ട്രീയകൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ പറ്റൂ.
(കേരളവര്‍മ കോളജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സറാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."