പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവം: തമിഴ്‌നാട്ടില്‍ പ്രതിഷേധം കത്തിപ്പടരുന്നു
കോയമ്പത്തൂര്‍: തിരുപ്പത്തൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിക്കത്തുന്നു. സംഭവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റുചെയ്ത ബി.ജെ.പി. ടൗണ്‍ സെക്രട്ടറി മുത്തുകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ് നാട്ടില്‍ പെരിയാറിന്റെ പ്രതിമകളും തകര്‍ക്കപ്പെടണമെന്ന ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രശ്‌നം വിവാദമായതോടെ തന്റെ പ്രസ്താവന ഫെയ്‌സ് ബുക്കില്‍ നിന്ന് പിന്‍വലിച്ച് എച്ച്.രാജ മാപ്പു പറഞ്ഞിട്ടുണ്ട്.
എന്നാല്‍ രാജക്കെതിരേ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ഒന്നിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തമിഴ്‌നാട്ടില്‍ ബി.ജെ.പി കടുത്ത പ്രതിസന്ധിയേയാണ് നേരിടുന്നത്. തഞ്ചാവൂരില്‍ ഡി.എം.കെ., സി.പി.എം, ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ എച്ച്. രാജയുടെ കോലവും ഫോട്ടോയും കത്തിച്ചു. ചെന്നൈയിലെ ട്രിപ്ലിക്കനിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന 10 ഓളം ബ്രാഹ്മണരെ തടഞ്ഞുനിര്‍ത്തി ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ പൂണൂല്‍ അറുത്തുമാറ്റി. മേല്‍ വസ്ത്രമില്ലാതെ ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങി വരുമ്പോഴാണ് സംഭവം. എച്ച്. രാജക്കെതിരേ മധുര, തഞ്ചാവൂര്‍, സേലം, കടലൂര്‍, തൃശ്‌നാപള്ളി എന്നിവിടങ്ങളില്‍ കോളജ് വിദ്യാര്‍ഥികളും തെരുവിലിറങ്ങി. കോയമ്പത്തൂര്‍, മധുര, ഈറോഡ്, ചെന്നൈ ഉള്‍പ്പെടെ 20 ഓളം ജില്ലകളില്‍ രാജയുടെ കോലം കത്തിച്ചു. അദ്ദേഹത്തിനെതിരേ കോയമ്പത്തൂര്‍ ഉള്‍പ്പെടെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ പരാതികളും ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ബി.ജെ.പി.യുടെ ജില്ലാ ഓഫിസിനു നേരെ പെട്രോള്‍ ബോംബേറ് ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ ബി.ജെ.പി. ഓഫിസുകള്‍ക്കും സായുധ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി.
രാജയെ അറസ്റ്റ് ചെയ്തു ജയിലിലടക്കുന്നതുവരെ ഡി.എം.കെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം രാജയുടെ ഫെയ്‌സ് ബുക്ക് പ്രസ്താവന ബി.ജെ.പിയുടെ അഭിപ്രായമല്ലെന്ന് തമിഴ്‌നാട് ബി.ജെ.പി. പ്രസിഡണ്ട് തമിഴിസൈ സൗന്ദരരാജന്‍ അറിയിച്ചു. ചെന്നൈയില്‍ ബി.ജെ.പി. ഓഫിസ് ഉപരോധിക്കാന്‍ ശ്രമിച്ച മക്കള്‍ കലൈ ഇയക്കം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടിലുടനീളം രാജക്കെതിരേ പ്രതിഷേധ പ്രകട നങ്ങളും, കോലം കത്തിക്കലും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."