കിഴക്കന്‍ ഗൂഥയില്‍ സൈന്യം ആക്രമണം ശക്തമാക്കി സഹായ വിതരണം നിര്‍ത്തിവച്ചു
ദമസ്‌കസ്: കിഴക്കന്‍ ഗൂഥയില്‍ സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ സന്നദ്ധ സംഘങ്ങള്‍ സഹായം വിതരണം ചെയ്യുന്നതു മാറ്റിവച്ചു. മേഖലയില്‍ ആക്രമണം രൂക്ഷമായതിനു പിറ കെ ഇവിടെ പ്രവര്‍ത്തിക്കുന്നതു ദുഷ്‌ക്കരമായതോടെയാണു സഹായവിതരണം തല്‍ക്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ വിവിധ സംഘങ്ങള്‍ തീരുമാനിച്ചത്. റെഡ്‌ക്രോസ് ആണു വാര്‍ത്ത പുറത്തുവിട്ടത്.
അതിനിടെ, കിഴക്കന്‍ ഗൂഥയില്‍ 18 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 898 ആയി. മേഖലയെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളായി തിരിച്ചാണ് ഇപ്പോള്‍ സൈന്യം ആക്രമണം തുടരുന്നത്. ബുധനാഴ്ച മാത്രം കുട്ടികളടക്കം 91 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് അറിയിച്ചു. അതേസമയം, തങ്ങള്‍ കൂടുതല്‍ ഒളിപ്പോരിലേക്കു നീങ്ങുമെന്ന് വിമതസംഘങ്ങളും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിലവില്‍ കിഴക്കന്‍ ഗൂഥയുടെ വലിയൊരു ശതമാനവും സര്‍ക്കാര്‍ സൈന്യത്തിന്റെ കീഴിലായിട്ടുണ്ട്.
ഇന്റര്‍നാഷനല്‍ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസ്(ഐ.സി.ആര്‍.സി), യു.എന്‍ എന്നിവയുടെ സന്നദ്ധ സംഘങ്ങളാണു ദിവസങ്ങള്‍ക്കു മുന്‍പ് അടിയന്തര ഭക്ഷണവസ്തുക്കളും മരുന്നുകളുമായി കിഴക്കന്‍ ഗൂഥയില്‍ എത്തിയത്. നേരത്തെ സംഘത്തെ മേഖലയില്‍ പ്രവേശിക്കുന്നതില്‍നിന്നു സൈന്യം തടഞ്ഞിരുന്നെങ്കിലും പിന്നീട് കടത്തിവിടുകയായിരുന്നു. റഷ്യയുടെ കൂടി സമ്മര്‍ദത്തെ തുടര്‍ന്നായിരുന്നു ഇത്. ദിവസവും അഞ്ചു മണിക്കൂര്‍ വീതം വെടിനിര്‍ത്തലിനും റഷ്യ ആവശ്യപ്പെട്ടിരുന്നു.
സഹായവിതരണത്തിനും മേഖലയില്‍ കുടുങ്ങിയവര്‍ക്കു മറ്റു ദേശങ്ങളിലേക്കു പലായനം ചെയ്യാനുമായായിരുന്നു ഇത്. എന്നാല്‍, സൈന്യം ഇതു പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. വിമതസംഘങ്ങള്‍ കീഴടങ്ങാന്‍ തയാറായാല്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാന്‍ സഹായം ചെയ്യുമെന്നും റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പം മറ്റു സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്.
അതേസമയം, സിറിയന്‍ സേന ഭീകരവാദികളെ ലക്ഷ്യമിട്ടു മാത്രമാണ് ആക്രമണം നടത്തുന്നതെന്ന് സിറിയന്‍ അംബാസഡര്‍ ഹുസ്സാം അഅ്‌ല യു.എന്‍ രക്ഷാസമിതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."