പരശുരാമ മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ വലൂര്‍ ഗ്രാമീണവായനശാലയില്‍ അധ്യയനം തുടരും
എരുമപ്പെട്ടി: അടച്ചുപൂട്ടിയ വേലൂര്‍ കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ ഇതേ സ്കൂളില്‍ പഠനം നടത്താനുവദിക്കുന്നതുവരെ വേലൂര്‍ ഗ്രാമീണവായനശാലയില്‍ അധ്യയനം തുടരുമെന്ന് സ്കൂള്‍ സംരക്ഷണ സമിതിഅംഗങ്ങളും നാട്ടുകാരും അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് പ്രകാരം മെയ് 30ന് രേഖകള്‍ പിടിച്ചെടുത്ത് പൂട്ടി സീല്‍ ചെയ്ത കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ എല്‍.പി.സ്കൂളിന്റെ പ്രവേശനോത്സവം സ്കൂളിനു മുന്നില്‍ പാതയോരത്ത് താല്‍ക്കാലിക പന്തല്‍ നിര്‍മിച്ച് നടത്തിയിരുന്നു.
സ്കൂള്‍ സംരക്ഷണ സമിതി അംഗങ്ങളുടേയും,നാട്ടുകാരുടേയും,രക്ഷിതാക്കളുടേയും കൂട്ടായ പ്രവര്‍ത്തനത്തോടെയാണ് പ്രവേശനോത്സവം പ്രതീകാത്മകമായി പാതയോരത്ത് സംഘടിപ്പിച്ചത്.കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ 35 വിദ്യാര്‍ഥികളടക്കം 41 വിദ്യാര്‍ഥികള്‍ ഇന്നത്തെ പ്രവേശനോത്സവത്തില്‍ എത്തിച്ചേര്‍ന്നു.
ഇതില്‍ 6 കുട്ടികള്‍ ഈ വര്‍ഷം പുതിയതായി ചേര്‍ന്നവരാണ്.ഇന്ന് ഉച്ചവരെ താല്‍ക്കാലിക ഷെഡിലിരുന്ന് പാട്ടും കളികളുമായി പഠനം നടത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനം സമീപത്തുള്ള ഗ്രാമീണ വായനശാലയിലേക്ക് മാറ്റുന്നതിന് സ്കൂള്‍ സംരക്ഷണസമിതിയും നാട്ടുകാരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
ഗ്രാമീണ വായനശാലയില്‍ പഠനം തുടരുന്ന കുരുന്നുകള്‍ക്ക് സ്കൂളിലുണ്ടായിരുന്ന പ്രധാന അധ്യാപിക ഇന്ദുലേഖയടക്കം 4 അധ്യാപകര്‍ ശിക്ഷണം നല്‍കും.വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര് സ്കൂള്‍ സംരക്ഷണ സമിതിക്കും,നാട്ടുകാര്‍ക്കും,വിദ്യാര്‍ഥികള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."