മോഷണക്കേസ് പ്രതി അറസ്റ്റില്‍
തൃശൂര്‍: നിരവധി മോഷണക്കേസിലെ പ്രതിയായ കര്‍ണാടക സ്വദേശി ചെപ്പി ഷഫിക് ഷാഡോ പൊലിസിന്റെ പിടിയിലായി. കേരളത്തിലും കര്‍ണാടകയിലും തമിഴ്നാട്ടിലുമായി 22 വയസിനുള്ളില്‍ നൂറോളം വീടുകളില്‍ മോഷണം നടത്തിയ ഷെഫീക് കോലഴിയിലെ സതീഷ്കുമാറിന്റെ വീട്ടിലെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്വര്‍ണവും മറ്റും മോഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഷാഡോ പൊലിസ് നടത്തിയ അന്വേഷണത്തില്‍ സമാന രീതിയിലുള്ള മോഷണം 2014 ല്‍ വടക്കാഞ്ചേരിയിലെ വീട്ടില്‍ ഷഫീക് നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു.
ഷഫീക്കിന്റെ കര്‍ണാടക കുടകിലുള്ള മടിക്കേരിയിലെ വീട്ടിലെത്തിയെങ്കിലും കണ്ടുപിടിക്കാനായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വീണ്ടും മോഷണത്തിനായി തൃശൂരിലെ പെരിങ്ങാവിലെത്തി ഷെഫീക്കിനെ ഇന്നലെ പുലര്‍ച്ചെ 5.30 ഓടെ അറസ്റ്റുചെയ്തത്.
ഷഫീക്കിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കോലഴിയിലെ ജോഷി എന്നയാളുടെ വീട്ടിലും അവിടെതന്നെയുള്ള ഡോ. ശ്രീജിത്തിന്റെ വീട്ടിലും കുറാഞ്ചേരി താഴത്ത് പുരക്കല്‍ നസ്രറിയയുടെ വീട്ടിലും മോഷണം നടത്തിയതായി സമ്മതിച്ചു.
ഇയാള്‍ കോഴിക്കോട് കലക്ടര്‍ റോഡിലുള്ള ശരോമ വീട്ടില്‍ അര്ഷാജി എന്നയാളുടെ വീട്ടില്‍ കയറി 15000 രൂപയും 35000 രൂപയുടെ ദിര്‍ഹവും മോഷ്ടിച്ചിരുന്നു.
കോഴിക്കോട് തന്നെയുള്ള പുതിയങ്ങാടിയിലുള്ള അബ്ദുള്ളനാസറുടെ വീട്ടില്‍ വാതില്‍ പൊളിക്കുവാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വീട് പെയിന്റ് ചെയ്യുന്നതിനായി സൂക്ഷിച്ചുവച്ച പെയിന്റ് വാതിലില്‍ ഒഴിച്ച് കത്തിച്ച് അകത്ത് കയറി മോഷണം നടത്തി. കോഴിക്കോട് എഴുത്തുവളപ്പില് സാംബശിവന്റെ വീട്ടില്‍ മോഷണം നടത്തിയിട്ടുള്ളതും ഷഫീക്കായിരുന്നു.
കര്‍ണാടകയിലെ മടിക്കേരിയിലും കോയമ്പത്തൂരിലും ഒറ്റപ്പാലം, പാലക്കാട്, ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്റ്റേഷന് പരിധിയിലുമായി 25 ഓളം കേസുകളുണ്ട്.
പേരാമംഗലം സി.ഐ. മണികണ്ഠന്, വിയ്യൂര്‍ എസ്.ഐ. എം.എം. മഞ്ജുദാസ്, പി.ആര്. അനന്തന്, ഷാഡോ പൊലിസുകാരായ എസ്.ഐ. ഡേവിസ് എം.പി., അന്‍സാര്‍ വി.കെ., എന്‍.ജി. സുവൃതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്, പഴനി, ശിവന്, സി.പി. ഉല്ലാസ്, എം.എസ്. ലിഖേഷ് എന്നിവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."