ഭൂമി ഇടപാട്; സി.എസ്.ഐ കോഴിക്കോട് ബിഷപ്പിനെ വിശ്വാസികള്‍ തടഞ്ഞുവച്ചു
കോഴിക്കോട്: സി.എസ്.ഐ മലബാര്‍ ഇടവകയുടെ കീഴിലുള്ള കോഴിക്കോട് നഗരത്തിലെ സ്ഥലം സ്വകാര്യ സ്ഥാപനത്തിന് വാടകക്ക് നല്‍കിയതില്‍ അഴിമതിയുണ്ടെന്നാരോപിച്ച് വിശ്വാസികള്‍ ബിഷപ്പ് റൈറ്റ് റവ. റോയ്‌സ് മനോജ് വിക്ടറിനെ ഉപരോധിച്ചു. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം.
സി.എസ്.ഐ ഓഫിസിന് സമീപത്തുള്ള 64 സെന്റ് സ്ഥലം മാസങ്ങള്‍ക്ക് മുമ്പ് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന് വാടകക്ക് നല്‍കിയിരുന്നു. ഈ വകയില്‍ അഡ്വാന്‍സായി 2 ലക്ഷവും വാടകയായി 1.75ലക്ഷം രൂപയുമാണ് കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇടവകയുടെ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തി ബിഷപ്പിന്റെ മൗനാനുവാദത്തോടെ ഇടവകയുടെ ട്രഷററും മുന്‍ പ്രോപ്പര്‍ട്ടി സെക്രട്ടറിയും വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് സംയുക്ത സമരസമിതിയെന്ന പേരില്‍ വിശ്വാസികള്‍ ഓഫിസ് ഉപരോധിക്കുകയായിരുന്നു.
കരാറില്‍ അപാകതകള്‍ ഉയര്‍ന്നപ്പോള്‍ ഇതുസംബന്ധിച്ച് ജനുവരിയില്‍ ബിഷപ്പിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ബിഷപ്പ് മറുപടി നല്‍കിയില്ലെന്നുംഇവര്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നം ചര്‍ച്ച ചെയ്യാനായി വിളിച്ച സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് യോഗം നടക്കുന്നതിനിടയിലാണ് സമരസമിതി പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്.
ഉപരോധത്തിനൊടുവില്‍ സംഭവത്തിന്‍മേല്‍ അന്വേഷണ കമ്മിഷനെ നിയമിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോവുകയായിരുന്നു. സംയുക്ത സമരസമിതി പ്രവര്‍ത്തകരായ ജെയിംസ് സെല്‍വരാജ്, ഏണസ്റ്റ് ഇടപ്പള്ളി തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."