എരുമേലിയിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു
എരുമേലി: നഗരത്തിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായതായി എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.കൃഷ്ണകുമാര്‍ അറിയിച്ചു. എരുമേലി കവുങ്ങുംകുഴിയില്‍ മാലിന്യ സംസ്ക്കരണ യൂനിറ്റും പൊതുശ്മശാനവും സ്ഥാപിക്കുന്നതിന് 85 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി രണ്ടു ദിവസത്തിനുള്ളില്‍ കരാര്‍ ഉറപ്പിക്കും.
ഇതിന്റെ ഭാഗമായി ടെക്നോപാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ മാതൃക എരുമേലി പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് പോയിക്കണ്ടിരുന്നു. ഇതേ മാതൃകയില്‍ കവുങ്ങും കുഴിയില്‍ പ്ലാസ്റ്റിക്ക് ഷെഡിങ് യൂനിറ്റ് സ്ഥാപിച്ചു. അന്തരീക്ഷ മലിനീകരണം ഇല്ലാത്ത തരത്തിലുള്ള സംവിധാനമാണ് നടപ്പാക്കുക. പുകക്കുഴല്‍ ടവറിന് 30 മീറ്റര്‍ ഉയരമുണ്ടാകും.
45 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. മൂന്നു മാസത്തിനകം പണി പൂര്‍ത്തീകരിക്കും.കവുങ്ങും കുഴിയില്‍ തന്നെ പൊതുശ്മശാനം സ്ഥാപിക്കുന്നതിന്നുള്ള നടപടികളുമായി. ഇതിന് മുപ്പതു ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ്. പഞ്ചായത്തിലും പുറത്തുമുള്ള മൃതദേഹങ്ങള്‍ ഇവിടെ മറവു ചെയ്യാന്‍ സാധിക്കും. എരുമേലിയില്‍ എട്ടു വര്‍ഷം മുമ്പ് തുടങ്ങിവച്ച മാലിന്യ സംസ്ക്കരണ പ്ലാന്റ് നിര്‍മ്മാണം പാതിവഴിയില്‍ മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോള്‍ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചതായി പ്രസിഡണ്ട് കൃഷ്ണ കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."