കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു
കട്ടപ്പന: കട്ടപ്പന, രാജാക്കാട് അടക്കമുള്ള ഹൈറേഞ്ച്് മേഖലയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ല. ഹൈറേഞ്ചില്‍ നിലവിലുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭൂരിഭാഗവും ലാഭകരമാണെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ അവഗണനയാണ് വിനയാവുന്നത്. ഇതാണ് ഹൈറേഞ്ചിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കാത്തതെന്നും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നത് അടിമാലി, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തമ്പാറ മലയോര മേഖലകളിലാണ്. ഉണ്ടായിരുന്ന പല സര്‍വീസുകളും വെട്ടിച്ചുരുക്കുകയും ചെയ്തു.
ജീവനക്കാരുടെ ജോലി സൗകര്യത്തിനു വേണ്ടിയാണ് ലോറേഞ്ചിലും നാട്ടിന്‍പ്രദേശത്തും മാത്രം കൂടുതല്‍ സര്‍വീസുകള്‍ അനുവദിച്ച് ഹൈറേഞ്ചിനെയും മലയോരമേഖലയെയും തഴയുന്നതെന്നാണ് ആരോപണം. ഹൈറേഞ്ചിലേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകളില്‍ ജോലി ചെയ്യാന്‍ പോലും ജീവനക്കാര്‍ മടിക്കുന്നത് അധികൃതരെ വലയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബസ് ചാര്‍ജും വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധനയുമാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തിയ പണിമുടക്കില്‍ ഏറെ വലഞ്ഞത് ഹൈറേഞ്ചുകാരാണ്.
വിരലിലെണ്ണാവുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ നിറഞ്ഞാണ് സര്‍വീസ് നടത്തിയത്. കെഎസ്ആര്‍ടിസി ബസുകളുടെ മൂന്നിരട്ടി സ്വകാര്യ ബസുകള്‍ അടിമാലി മേഖലയില്‍ ഓടുന്നുണ്ട്. 110ഓളം സ്വകാര്യ ബസ് സര്‍വീസുകളുള്ളപ്പോള്‍ 30 കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ മാത്രമാണുള്ളത്. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കും പരിസരപ്രദേശങ്ങളിലേക്കുമാണ് കൂടുതലും കെഎസ്ആര്‍ടിസി സര്‍വീസുകളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."