കള്ളനോട്ടുമായി സഹോദരന്മാര്‍ അറസ്റ്റില്‍
കുമളി: രണ്ടായിരം രൂപയുടെ അഞ്ച് കള്ളനോട്ടുകളുമായി സഹോദരന്മാര്‍ അറസ്റ്റിലായി. ഒറ്റപ്പാലം സ്വദേശികളായ കല്ലേപ്പറമ്പില്‍ സുകേശന്‍ (47), ഗിരീശന്‍ (42) എന്നിവരെയാണ് കുമളി പോലിസ് അറസ്റ്റ് ചെയ്തത്.
സുകേശനില്‍ നിന്നാണ് നോട്ടുകള്‍ ലഭിച്ചതെന്ന് ഗിരീശന്‍ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ വ്യാജ ലോട്ടറി നിര്‍മിച്ച് പണം തട്ടിയ കേസില്‍ പ്രതിയാണ് സുകേശന്‍. ഇവരുടെ വീട്ടിലെ കളര്‍ ഫോട്ടോസ്റ്റാറ്റ് യന്ത്രം ഉപയോഗിച്ചാണ് രണ്ടായിരം രൂപയുടെ വ്യാജനോട്ടുകള്‍ നിര്‍മിച്ചത്. ഇതില്‍ കുറച്ച് നോട്ടുകള്‍ മറ്റ് സ്ഥലങ്ങളില്‍ മാറി. പല നോട്ടുകളുടെയും സീരിയല്‍ നമ്പറുകള്‍ ഒരേ പോലെയാണ്.
സംഭവത്തെപ്പറ്റി പോലിസ് പറയുന്നതിങ്ങനെ: ടാക്‌സി ഡ്രൈവറായ ഗിരീശന്‍ കഴിഞ്ഞ ദിവസം തേക്കടിയില്‍ എത്തിയിരുന്നു. ടൗണിനു സമീപത്തുള്ള ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചശേഷം രണ്ടായിരം രൂപയുടെ കള്ളനോട്ട് നല്‍കി. സംശയം തോന്നിയ ഹോട്ടലുടമ പൊലിസില്‍ വിവരം അറിയിച്ചു. പൊലിസ് ഗിരീശനെ കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാറില്‍ നിന്ന് 4 നോട്ടുകള്‍ കൂടി കണ്ടെടുക്കുകയുമായിരുന്നു. ഇരുവരെയും പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."