വടക്കാഞ്ചേരിയിലും മാളയിലും അഗ്നിബാധ
വടക്കാഞ്ചേരി : നഗരഹൃദയത്തോടു തൊട്ടു കിടക്കുന്ന ചാലിക്കുന്നില്‍ സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ വന്‍ അഗ്‌നിബാധ. ഏക്കര്‍ കണക്കിനു സ്ഥലത്തെ അടി കാടുകള്‍ കത്തിനശിച്ചു. പന, മാവ്, തെങ്ങ്, മറ്റു പാഴ്മരങ്ങള്‍ എല്ലാം അഗ്‌നിക്കിരയായി. റബ്ബര്‍ തോട്ടത്തിലേക്കും ജനവാസ മേഖലയിലേക്കും അഗ്‌നിപടര്‍ന്നത് വന്‍ പരിഭ്രാന്തി പരത്തി.
വലിയ കുന്നിനു മുകളിലാണു അഗ്‌നിബാധ അനുഭവപ്പെട്ടത് എന്നതിനാല്‍ തീ അണയ്ക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാതിരുന്നതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. വടക്കാഞ്ചേരിയില്‍ നിന്നെത്തിയ അഗ്‌നിശമന സേന തൂപ്പും മരകൊമ്പുകളും ഉപയോഗിച്ചാണു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്. അസഹനീയമായ ചൂടും ശക്തമായ കാറ്റും മൂലം ഉദ്യോഗസ്ഥര്‍ വലഞ്ഞു. പുക പടര്‍ന്നതോടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ജനങ്ങള്‍ കാഴ്ച്ചക്കാരായി മാറി നിന്നതിനെതിരെ നഗരസഭ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ നിരാശയും വേദനയും രേഖപ്പെടുത്തി. മണിക്കൂറുകളോളം നഗരം പുകപടലങ്ങളാല്‍ നിറഞ്ഞത് ആശങ്ക സൃഷ്ടിച്ചു. അത്യുഷ്ണത്തില്‍ പൊറുതിമുട്ടുന്ന ജനത്തിനു അഗ്‌നിബാധകള്‍ സമ്മാനിയ്ക്കുന്നത് വലിയ ദുരിതമാണ്. ഇതോടൊപ്പം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ ഓടി തളരുന്ന അവസ്ഥയാണിപ്പോള്‍ .
മാള: മാള കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് തെക്കുവശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ ഉണക്ക പുല്ലിനും ചവറിനും തീപിടിച്ചു. ചെന്തുരുത്തിയിന്‍ നിന്നു ഫയര്‍ഫോഴ്‌സ് വന്നാണു തീ അണച്ചത് . സംരക്ഷണ വേലിയില്ലാത്ത ഈ ആളൊഴഞ്ഞ പറമ്പില്‍ രണ്ടാഴ്ച മുന്‍പു രണ്ടു പ്രാവശ്യം തീപിടുത്തം ഉണ്ടായിരുന്നു. സമൂഹ്യ വിരുദ്ധരുടെ സങ്കേതമായി ഈ സ്ഥലം മാറിയെന്നു നാട്ടുകാര്‍ പറയുന്നു. ഈ സ്ഥലത്തിനോടു ചേര്‍ന്നാണു മാള കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ വര്‍ക്ക്‌ഷോപ്പും പെട്രോള്‍ പമ്പും സ്ഥിതി ചെയ്യുന്നത്.
ഫയര്‍ ഫോഴ്‌സിന്റെ അടിയന്തിര ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. സാമൂഹ്യ വിരുതരുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികാരികള്‍ ശ്രദ്ധിക്കണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വര ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."