അറബിക്കടലില്‍ വന്‍ മയക്കുമരുന്നു വേട്ട; മൂന്നു ദിവസത്തിനിടെ പിടികൂടിയത് 11 ടണ്ണിലേറെ
ദമാം: സഊദി, ബഹ്റൈന്‍ അതിര്‍ത്തികളോടു ചേര്‍ന്നു കിടക്കുന്ന അറബിക്കടലില്‍ വന്‍ മയക്കുമരുന്നു വേട്ട. മൂന്നു ദിവസത്തിനിടെ പതിനൊന്നു ടണ്ണിലധികം ഹാഷിഷ് പിടികൂടി. ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത ദൗത്യ സേന (സിടിഎഫ് 150) യുടെ ഭാഗമായുള്ള ഫ്രഞ്ച് യുദ്ധക്കപ്പല്‍ ജീന്‍ ഡിവിയെന്നയും ഓസ്ട്രേലിയന്‍ യുദ്ധകപ്പലും സംയുക്തമായാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഏകദേശം 430 ദശലക്ഷം ഡോളര്‍ വിലവരുന്നവയാണ് പിടിച്ചെടുത്ത മയക്കു മരുന്നുകള്‍. അറബിക്കടലിലെ അന്ത്രാഷ്ട്ര സമുദ്ര പരിധികളില്‍ നിന്നായാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയും മയക്കു മരുന്നുകള്‍ പിടിച്ചെടുത്തത്.
കടല്‍ കൊള്ളയും കടല്‍ വഴിയുള്ള ഭീകരതയും തടയാനായി രൂപീകരിച്ച സംയുക്ത സേനയായ സി എം എഫിന് കീഴിലാണ് സി ടി എഫ് 150 പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇതു വരെയായി 1.3 ബില്യണ്‍ ഡോളര്‍ വിലവരുന്ന 27.9 ടണ്‍ ഹാഷിഷും 1.5 ഹെറോയിനും പിടികൂടിയിട്ടുണ്ട്.
ബഹ്റൈന്‍ ആസ്ഥാനമായുള്ള ദൗത്യസേനയില്‍ 31 രാജ്യങ്ങളാണുള്ളത്. ഇതിനു കീഴിലെ മൂന്നു സമുദ്ര ദൗത്യ സംഘങ്ങളില്‍ ഒന്നാണ് സി ടി എഫ് 150. അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, ഏദന്‍ കടലിടുക്ക്, ചെങ്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലായി ഇരുപത് ലക്ഷം ചതുരശ്ര കിലോമീറ്ററാണ് സി ടി എഫ് 150 യുടെ പ്രവര്‍ത്തന മേഖല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."