സഊദി സൈന്യ ആധുനികവല്‍ക്കരണം: ബ്രിട്ടനില്‍ നിന്ന് പുതിയ യുദ്ധവിമാനങ്ങള്‍ എത്തുന്നു
ജിദ്ദ: സഊദി സൈന്യത്തെ ആധുനിക വല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുതിയ യുദ്ധവിമാനങ്ങള്‍ ബ്രിട്ടനില്‍ നിന്ന് എത്തുന്നു. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ബ്രിട്ടീഷ് കമ്പനിയുമായി ഒപ്പുവച്ചു. സഊദി സൈന്യത്തില്‍ ഭരണകൂടം വന്‍ അഴിച്ചുപണി നടത്തിയതിന് പിന്നാലെയാണ് സേനയെ ശക്തിപ്പെടുത്തുന്ന കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. പുതിയ യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത് സഊദി സൈന്യത്തിന് കരുത്തേകുമെന്നാണ് വിലയിരുത്തല്‍.
ബ്രിട്ടനിലെ പ്രമുഖ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ബി.എ.ഇ സിസ്റ്റവുമായിട്ടാണ് സഊദി അറേബ്യ കരാറുണ്ടാക്കിയിരിക്കുന്നത്. ടൈഫൂണ്‍ യുദ്ധ വിമാനങ്ങളാണ് പ്രധാനമായും സൗദിക്ക് കൈമാറുക. ഈ വിഭാഗത്തില്‍പ്പെട്ട 48 യുദ്ധവിമാനങ്ങള്‍ കൈമാറാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക കരാര്‍ സഊദിയും ബ്രിട്ടനും ഒപ്പുവച്ചു.
സഊദി അറേബ്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ പ്രതിഷേധം നിലനില്‍ക്കുകയാണ്. ഇതെല്ലാം അവഗണിച്ചാണ് പുതിയ കരാര്‍ ഒരുങ്ങിയിരിക്കുന്നത്. ബ്രിട്ടനും സഊദി അറേബ്യയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് പുതിയ യുദ്ധവിമാന കരാര്‍.
സഊദിയും ബ്രിട്ടനും കോടികളുടെ ആയുധ കരാര്‍ നടത്തുന്നതിന് ഏറെ കാലമായി ചര്‍ച്ച നടക്കുന്നുണ്ട്. അതിനിടെയാണ് പുതിയ യുദ്ധവിമാന കൈമാറ്റ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ഏറ്റവും മൂല്യമുള്ള പങ്കാളിയാണ് സൗദി അറേബ്യയെന്നും അവരുമായുള്ള ഇടപാടുകള്‍ക്ക് തങ്ങള്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. സഊദി അറേബ്യ സൈന്യത്തെ ആധുനിക വല്‍ക്കരിക്കുമ്പോള്‍ എല്ലാവിധ സഹായവും തങ്ങള്‍ നല്‍കും. വിഷന്‍ 2030ന്റെ ഭാഗമായി ഇനിയും ആയുധ കരാര്‍ നിലവില്‍ വരുമെന്നും കമ്പനി സൂചിപ്പിച്ചു.
ഇന്നുവരെ സൈനികര്‍ക്ക് ലഭ്യമായതില്‍ ഏറ്റവും അത്യാധുനികമായ യുദ്ധവിമാനമാണ് ടൈഫൂണ്‍. യൂറോപ്പിലെ സൈനികര്‍ ഏറ്റവും കൂടുതല്‍ ഈ വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനമാണ് ഉപയോഗിക്കുന്നത്. യൂറോപ്പില്‍ മാത്രം 500 ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വളരെ പെട്ടെന്ന് ഉയര്‍ന്നുപറക്കാനും ആക്രമണം നടത്താനും സാധിക്കുമെന്നാണ് ടൈഫൂണ്‍ യുദ്ധവിമാനങ്ങളുടെ പ്രത്യേകത. ബി.എ.ഇ സിസ്റ്റത്തില്‍ ടൈഫൂണ്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ മാത്രം 5000ത്തോളം എന്‍ഞ്ചിനിയര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."