വയര്‍ലസ് സെറ്റിലൂടെ ഡിവൈ.എസ്.പിക്ക് ചീത്തവിളി
കണ്ണൂര്‍: പൊലിസ് ഉദ്യോഗസ്ഥനെ മദ്യപാനി വയര്‍ലസ് സെറ്റിലൂടെ ചീത്ത വിളിച്ചു. ഇന്നലെ രാവിലെയാണ് ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലേതിനു സമാനമായി പൊലിസിന്റെ വയര്‍ലസ് സെറ്റിലൂടെ ഇരിട്ടി ഡിവൈഎസ്.പി പ്രജീഷ് തോട്ടത്തിനു നേരെയാണ് ചീത്തവിളി ഉണ്ടായത്. ദിവസവും രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കും ഇടയില്‍ ജില്ലാ പൊലിസ് മേധാവി ജില്ലയിലെ എല്ലാ സ്റ്റേഷനിലേക്കും വയര്‍ലസില്‍ വിളിച്ചു വിവരങ്ങള്‍ ആരായുന്ന പതിവുണ്ട്. സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍, രജിസ്റ്റര്‍ ചെയ്ത കേസുകള്‍, അറസ്റ്റ്, സമന്‍സ് തുടങ്ങിയവയുടെ എണ്ണമാണ് ഈസമയത്ത് നല്‍കേണ്ടത്. എസ്.പിക്ക് അസൗകര്യമുള്ള ദിവസങ്ങളില്‍ എ.എസ്.പിയോ ഡിവൈ.എസ്.പിയോ ആണ് സ്‌റ്റേഷനുകളിലേക്ക് വിളിക്കുക. സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ വിശദീകരിക്കുന്നതിനിടെ മറ്റു സ്‌റ്റേഷനുകളിലെ സംഭാഷണങ്ങളും വയര്‍ലസ് സെറ്റിലൂടെ കേള്‍ക്കാം. എന്നാല്‍ ആരും ഇതിനിടയില്‍ കയറി സംസാരിക്കാറില്ല. ഓരോ സ്‌റ്റേഷനിലെയും വിവരങ്ങള്‍ ക്രമമായി ശേഖരിക്കുന്നതിനിടെ മാലൂര്‍ സ്‌റ്റേഷനില്‍ നിന്ന് വിവരങ്ങള്‍ എടുത്ത് കോള്‍ അവസാനിപ്പിച്ച ശേഷമാണ് ഡിവൈ.എസ്.പിക്കു നേരെ അസഭ്യവര്‍ഷം ഉണ്ടായത്. ജില്ലാ ആസ്ഥാനത്തെ പൊലിസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പ്രാഥമികാന്വേഷണത്തില്‍ ഏത് സ്റ്റേഷനിലെ വയര്‍ലസ് സെറ്റില്‍ നിന്നാണ് അസഭ്യവര്‍ഷം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു. ശുഹൈബ് വധക്കേസിന്റെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ട ഡിവൈ.എസ്.പിയാണ് പ്രജീഷ് തോട്ടത്തില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."