പദ്ധതി നിര്‍വഹണം 'തട്ടീം മുട്ടീം...'
കാസര്‍കോട്: പദ്ധതി നിര്‍വഹണം 100 ശതമാനമാക്കുന്നതില്‍ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളെല്ലാം നേരിടുന്നത് സമാനമായ അവസ്ഥയാണ്. നഗരസഭകളും ജില്ലാ പഞ്ചായത്തും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളും നേരിടുന്ന പ്രധാന പ്രശ്‌നം ജീവനക്കാരുടെ അഭാവമാണ്. അതോടൊപ്പം സ്റ്റിയറിങ് കമ്മിറ്റികളുടെയും അംഗങ്ങളുടെയും നിരുത്തരവാദപരമായ പ്രവര്‍ത്തനവും പദ്ധതി നിര്‍വഹണം നൂറിലെത്തിക്കുന്നതിനു തടസമായിട്ടുണ്ട്. എല്ലാം ഒടുവിലേക്കു വച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ നെട്ടോട്ടം. 23നു ശേഷം ഒരു ബില്ലും സ്വീകരിക്കില്ലെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇനി മുന്നിലുള്ളത് 12 ദിവസമാണ്. ഇതിനുള്ളില്‍ എങ്ങനെ അധ്വാനിച്ചാലും 100 ശതമാനമാക്കാന്‍ തദ്ദേശഭരണ ഭരണകൂടങ്ങള്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
കാസര്‍കോട് നഗരസഭയില്‍ 53 ശതമാനം തുക മാത്രമാണ് ഇതു വരെയായി ചെലവഴിക്കപ്പെട്ടത്. കാഞ്ഞങ്ങാട് നഗരസഭ ഇതുവരെ 54 ശതമാനവും നീലേശ്വരം നഗരസഭ 52 ശതമാനവും (ഫെബ്രുവരി 22 വരെ) ചെലവഴിച്ചിട്ടുണ്ട്. മൂന്നു നഗരസഭകളുടെയും നിരവധി ബില്ലുകള്‍ ട്രഷറിയില്‍ കെട്ടിക്കിടക്കുന്നുണ്ട്. അതുകൂടി പാസായി വന്നാല്‍ മൂന്നു നഗരസഭകളും 80 ശതമാനത്തിലെത്തുമെന്നാണു കരുതുന്നത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഇതിനകം 57 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് പദ്ധതി വിഹിതം 100 ശതമാനത്തിലെത്തിക്കാനാണു ശ്രമം.
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ കഴിഞ്ഞ കഴിഞ്ഞ മൂന്നു വരെ ചെലവഴിച്ചത് 67 ശതമാനം തുകയാണ്. ആരോഗ്യമേഖലയിലും കാര്‍ഷിക മേഖലയിലുമാണ് ഇതില്‍ ഭൂരിഭാഗം തുകയും പഞ്ചായത്ത് ചെലവഴിച്ചിട്ടുള്ളത്. പള്ളിക്കര പഞ്ചായത്തില്‍ പദ്ധതി വിഹിതം ചെലവഴിച്ചത് 55 ശതമാനമാണ്. ഇവിടെയും കാര്‍ഷിക മേഖലയിലും ആരോഗ്യ മേഖലകളിലുമായാണു തുക ചെലവഴിക്കപ്പെട്ടിട്ടുള്ളത്. പാലിയേറ്റിവ് കെയര്‍ സംവിധാനം കൂടി പഞ്ചായത്തിന്റെ കീഴില്‍ ഉള്ളതിനാല്‍ ഇപ്പോള്‍ ചെലവഴിക്കപ്പെട്ട തുകയില്‍ ഭൂരിഭാഗവും രണ്ടുമേഖലകളില്‍ മാത്രമായാണ് ചെലവഴിച്ചത്.
ഉദുമ പഞ്ചായത്തില്‍ പദ്ധതി വിഹിതത്തില്‍ 44 ശതമാനവും മെയിന്റനന്‍സ് വിഭാഗത്തില്‍ 41 ശതമാനം തുകയുമാണ് ചെലവഴിച്ചത്. അജാനൂര്‍ പഞ്ചായത്തില്‍ 55 ശതമാനം തുകയാണ് ഒരാഴ്ച മുന്‍പ് വരെ ചെലവഴിക്കപ്പെട്ടത്.
കഴിഞ്ഞ മൂന്നാം തിയതി വരെ ബദിയഡുക്ക ഗ്രാമ പഞ്ചായത്ത് 37ശതമാനവും എന്‍മകജെ പഞ്ചായത്തില്‍ 70ഉം ബഡാജെ ഗ്രാമ പഞ്ചായത്ത് 45, പുത്തിഗെ പഞ്ചായത്ത് 55 എന്നിങ്ങനെയും പദ്ധതി വിഹിതം ചെലവഴിച്ചു കഴിഞ്ഞു. കോടോം ബേളൂരില്‍ പദ്ധതി വിഹിത വിനിയോഗം 75 ശതമാനത്തിലെത്തിയതായി പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. പട്ടിക ജാതി വര്‍ഗ മേഖലയ്ക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കള്ളാര്‍ പഞ്ചായത്തില്‍ 56 ശതമാനമാണു പദ്ധതി വിഹിതം ചെലവഴിച്ചത്. കരാറുകളും ടെന്‍ഡറുകളും ഏറ്റെടുക്കുവാനുള്ള കാലതാമസവും ട്രഷറി നിയന്ത്രണവുമാണു ശതമാനത്തില്‍ കുറവു വരാന്‍ കാരണമെന്ന് വൈസ് പ്രസിഡന്റ് ടി.കെ നാരായണന്‍ പറഞ്ഞു. അതേ സമയം 90 ശതമാനം വിനിയോഗമാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ച് മൂന്നു വരെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് 69 ശതമാനവും പടന്ന 51 ശതമാനവും വലിയപറമ്പ 65 ശതമാനവും പദ്ധതി വിഹിതം ചെലവഴിച്ചു. പടന്ന, വലിയപറമ്പ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച ലോക ബാങ്ക് സഹായം ഒഴിവാക്കിയുള്ള കണക്കാണിത്. മാര്‍ച്ച് അവസാനിക്കാറാകുമ്പോഴേക്കും ഈ മൂന്നു പഞ്ചായത്തുകളിലും 80 ശതമാനം കടക്കാന്‍ സാധ്യതയുണ്ട്. ട്രഷറിയില്‍നിന്നു ബില്ലുകള്‍ മാറിവരാത്ത തുകകള്‍ ചെലവില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ പല റോഡുകളും അറ്റകുറ്റ പ്രവൃത്തി ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറാകാതെ വന്നതു പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. മാര്‍ച്ച് തുടക്കത്തില്‍ ചില റോഡുകള്‍ പ്രവൃത്തി നല്‍കിയത് മാര്‍ച്ച് അവസാനത്തോടെ മാത്രമേ ബില്ലുകള്‍ മാറിവരാന്‍ സാധ്യതയുള്ളൂ. വലിയപറമ്പ പഞ്ചായത്തില്‍ ലോക ബാങ്കിന്റെ സഹായമായ രണ്ടുകോടി രൂപ കൂടി ഉള്‍പ്പെടുത്തിയാല്‍ പദ്ധതി വിഹിതം നൂറുശതമാനമാകാന്‍ സാധ്യതയുണ്ട്. ഇതു ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കും. മടിക്കൈ പഞ്ചായത്ത് 70 ശതമാനവും കിനാനൂര്‍-കരിന്തളം 60 ശതമാനവും ഇതു വരെ ചെലവഴിച്ചിട്ടുണ്ട്. മുളിയാര്‍ പഞ്ചായത്തില്‍ ഇതേവരേ 41 ശതമാനവും കുറ്റിക്കോല്‍ പഞ്ചായത്തില്‍ 33 ശതമാനവുമാണ് വെള്ളിയാഴ്ച വരെ ചെലവഴിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."