എം.ജി സര്‍വകലാശാല കലോത്സവം 'അശാന്തി'യുടെ മൂന്നാം ദിനം
കൊച്ചി: എം.ജി കലോത്സവത്തിന്റെ മൂന്നാം ദിനവും പേരുപോലെതന്നെ അശാന്തമായി തുടര്‍ന്നു. സംഘാടനത്തിലെ പിഴവുകള്‍ വെളിവാക്കുന്നതായിരുന്നു കലോത്സവത്തിന്റെ മൂന്നാം ദിവസവും. ആദ്യ രണ്ടു ദിവസങ്ങളിലും മത്സരങ്ങള്‍ ആരംഭിക്കുവാന്‍ ഏറെ വൈകിയിരുന്നു. പൂര്‍ണമായല്ലെങ്കിലും ഇതിന്റെ ആവര്‍ത്തനമാണ് ഇന്നലേയും കാണാന്‍ കഴിഞ്ഞത്. നിശ്ചിത സമയത്തിനും മണിക്കൂറോളം വൈകിയാണ് പലവേദികളിലും മത്സരങ്ങള്‍ ആരംഭിച്ചത്. പ്രധാന വേദികളില്‍ പരിപാടികള്‍ രണ്ടും മൂന്നും മണിക്കൂറുകള്‍ വൈകിയത് ആസ്വാദകരെയും മത്സരാര്‍ഥികളെയും ഒരുപോലെ മുഷിപ്പിച്ചു.
പല മത്സരങ്ങളും അവസാനിച്ചത് പുലര്‍ച്ചെയാണ്. മത്സരങ്ങളില്‍ നിലവാര തകര്‍ച്ചയുണ്ടായതാണ് മറ്റൊരു പരാതി. സ്‌കൂള്‍ കലോത്സവത്തിലും താഴെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പല മത്സരങ്ങളുടെയും നിലവാരമെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ഇന്നലെ നടന്ന നാടോടി നൃത്തം, കഥാപ്രസംഗം മുതലായ മത്സരയിനങ്ങള്‍ നിലവാരം പുലര്‍ത്തി. മത്സര ഫലങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും കാര്യക്ഷമമായില്ല. മത്സരാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തിലും വീഴ്ചയുണ്ടായി. ഭക്ഷണം അന്വേഷിച്ച് പലര്‍ക്കും ചുറ്റിത്തിരിയേണ്ട അവസ്ഥയുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ വേണ്ടി കോളജ് കാന്റീനെ ആശ്രയിക്കുന്ന പലര്‍ക്കും ഭക്ഷണം തീര്‍ന്നു എന്ന മറുപടിയാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."