ജല വിതരണക്കുഴലിലെ വാള്‍വ് തകരാറിലായി; പയ്യപറമ്പ് ജല വിതരണം പ്രതിസന്ധിയില്‍
പാണ്ടിക്കാട്: ജല വിതരണക്കുഴലിലെ വാള്‍വ് തകരാറിലായതിനെത്തുടര്‍ന്ന് പയ്യപറമ്പ് അങ്ങാടിയുടെ താഴെ പ്രദേശങ്ങളില്‍ ജലവിതരണം തകരാറിലായി. ജല അതോറിറ്റിയുടെ ഒറവംപുറം ചൂരക്കാവ് കുന്നിലെ ഓവര്‍ ഹെഡ് ജല സംഭരണിയില്‍ നിന്നാണ് പയ്യപറമ്പ് കണ്ടപ്പന്‍തൊടിക ദളിത് കോളനി റോഡിലേക്കും മുട്ടിച്ചിറ ഭാഗത്തേക്കും വെള്ളമെത്തുന്നത്.
പയ്യപറമ്പ് അങ്ങാടിയില്‍ പദ്ധതി ആരംഭിച്ച കാലഘട്ടത്തില്‍ ഘടിപ്പിച്ച വാള്‍വുകള്‍ ജീര്‍ണത ബാധിച്ച് പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മാസങ്ങളോളമായി വെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്.
ഭൂരിപക്ഷം കിണറുകളിലും കടുപ്പമേറിയ കരിമ്പാറയുള്ള പ്രദേശമായതിനാല്‍ മഴ മാറുന്നതോടെ തന്നെ കടുത്ത കുടിവെള്ള ക്ഷാമം അനുഭവിക്കുകയാണ്.
ഇതോടെ പിന്നീട് പൈപ്പ് വെള്ളത്തെ ആശ്രയിക്കുകയാണ് ഇവിടുത്തുകാര്‍ ചെയ്യുന്നത്. അതും നിലച്ചതോടെ വീടുകളിലേക്ക് കണക്ഷനുള്ള 15ഓളം ഉപഭോക്താക്കളും പൊതുടാപ്പുകളില്‍നിന്ന് വെള്ളമെടുത്ത് ഉപയോഗിക്കുന്നവരുമടക്കം വെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ്.
മണ്ണില്‍ പുതഞ്ഞു കിടക്കുന്ന വാള്‍വുകള്‍ പുറത്തെടുത്ത് അറ്റകുറ്റപ്പണി നടത്തി ജലവിതരണം അടിയന്തിരമായി പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."