ഗജവീര പ്രൗഢിയുടെ പ്രതീകം ഇനി ഓര്‍മ: ഇനി ശിവസുന്ദറില്ലാത്ത ഉത്രാളി പൂരം
വടക്കാഞ്ചേരി : ഗജവീര പ്രൗഡിയുടെ മഹനീയ പ്രതീകമായ തിരുവമ്പാടി ശിവസുന്ദര്‍ ഇനി നൊമ്പര ഓര്‍മ. കൊമ്പന്റെ വിയോഗം വടക്കാഞ്ചേരി മേഖലയുടേയും തീരാദു:ഖമാവുകയാണ്.
2003 ല്‍ ശിവസുന്ദര്‍ തിരുമ്പാടിയുടേതാകുന്നതു വരെ പൂക്കോടന്‍ ശിവന്‍ എന്ന പേരില്‍ കുമരനെല്ലൂരിന്റെ ഗജനിരയിലും അതിനു ശേഷം തിരുവമ്പാടി ശിവസുന്ദറായി എങ്കക്കാട് ദേശത്തിനു വേണ്ടി 13 വര്‍ഷവും ഈ കൊമ്പന്‍ വടക്കാഞ്ചേരി ഉത്രാളി പൂരത്തിനെത്തി.
കുന്നുംകുളം സ്വദേശി ചാക്കോയുടെ ആനയായിരുന്ന പൂക്കോടന്‍ ശിവനെ 2003ലാണു വ്യവസായി ടി.എ സുന്ദര്‍ മേനോന്‍ മോഹവിലയായ 28 ലക്ഷം രൂപ നല്‍കി വാങ്ങുകയും നാട്ടാന ചന്തത്തിന്റെ താരരാജാവായ ശിവനെ തിരുവമ്പാടിയില്‍ നടയിരുത്തുകയും ചെയ്തത്. 2017 വരെ നീണ്ട 13 കൊല്ലം എങ്കക്കാട് വിഭാഗത്തിന്റെ തിടമ്പേറ്റിയത് ശിവസുന്ദറാണ്.
പൂരപറമ്പില്‍ ഗജവീര പ്രേമികളുടെ ആവേശമായിരുന്നു ശിവസുന്ദര്‍. സൗമ്യനും ശാന്തനുമായിരുന്നതിനാല്‍ സ്ത്രീകളും കുട്ടികളും വരെ ശിവസുന്ദറിന്റെ ആരാധകരായിരുന്നു. ഉത്സവ പറമ്പുകളില്‍ ആനകള്‍ ഇടഞ്ഞു ദുരന്തങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ അതില്‍ നിന്നു ശിവസുന്ദറിന്റെ പേര് അകന്നു നിന്നു.
അതു തന്നെയായിരുന്നു ഈ കരിവീരന്റെ മഹത്വവും ശിവസുന്ദറിന്റെ വിയോഗത്തില്‍ ഉത്രാളി പൂരം എങ്കക്കാട് വിഭാഗം അനുശോചനം രേഖപ്പെടുത്തി. തൃശൂരിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. പി.ആര്‍ സുരേഷ് കുമാര്‍, സെക്രട്ടറി എന്‍.ആര്‍ മോഹനന്‍ നമ്പീശന്‍, ഖജാന്‍ജി സി.കെ ശ്രീധരന്‍, പി.ജി രവീന്ദ്രന്‍, ബാബു പൂക്കുന്നത്ത്, പ്രദീപ്, ജയേഷ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."