കള്ളനോട്ട്: രണ്ടു പേര്‍ പിടിയില്‍
തിരുവനന്തപുരം: യുവതിയുള്‍പ്പെടെ റിട്ട. പൊലിസുകാരന്റെ മക്കളായ രണ്ടു പേര്‍ ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുമായി പൊലിസ് പിടിയിലായി. വര്‍ക്കല വെട്ടൂര്‍ അയന്തി എല്‍.എസ് നിവാസില്‍ റിട്ട. പൊലിസുദ്യോഗസ്ഥന്റെ മകളും തൃശൂരിലെ എ.എസ്.ഐയുടെ ഭാര്യയുമായ മഞ്ജു(42), സഹോദരന്‍ പ്രദീപ് (37) എന്നിവരാണു പിടിയിലായത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആറ്റിങ്ങല്‍ മാമത്തെ കടയില്‍ നാരങ്ങാവെള്ളം കുടിച്ചശേഷം അഞ്ഞൂറിന്റെ കള്ളനോട്ട് നല്‍കിയതാണ് ഇവര്‍ പിടിയിലാകാന്‍ കാരണമായത്. നോട്ട് വ്യാജനാണെന്നു തിരിച്ചറിഞ്ഞ കടയുടമ ഇവരെ തടഞ്ഞുവച്ച് പൊലിസിന് കൈമാറുകയായിരുന്നു. ആറ്റിങ്ങല്‍ പൊലിസെത്തി കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കല്ലമ്പലം മാവുംമൂട്ടിലെ വാടകവീട്ടില്‍ നിന്ന് 91,500 രൂപയും കണ്ടെത്തി. രണ്ടു ദിവസം മുന്‍പാണ് മഞ്ജു തൃശൂരില്‍ നിന്ന് കല്ലമ്പലത്തെത്തിയത്.
ഇരുചക്രവാഹനത്തില്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇവര്‍ രാത്രി മടങ്ങിപ്പോകും വഴി പല കടകളില്‍ നിന്നായി സാധനങ്ങള്‍ വാങ്ങി 500 രൂപയുടെ നോട്ടുകള്‍ മാറിക്കൊണ്ടിരിക്കുകയായിരുന്നു. നൂറു രൂപയില്‍ താഴെ വരുന്ന സാധനങ്ങള്‍ വാങ്ങി 500 രൂപ നല്‍കി കള്ളനോട്ട് മാറുന്ന തന്ത്രമായിരുന്നു ഇവരുടേത്. ഇത്തരത്തില്‍ മാറിയെടുത്ത ഒറിജിനല്‍ കറന്‍സികളും അഞ്ഞൂറിന്റെ വ്യാജനോട്ടുകളുമായാണ് സംഘം മാമത്ത് പിടിക്കപ്പെട്ടത്. കല്ലമ്പലത്തെ വാടകവീട്ടില്‍ റെയ്ഡ് നടത്തിയ പൊലിസ് ഇവിടെ നിന്ന് വ്യാജ കറന്‍സികള്‍ക്കൊപ്പം നോട്ട് മാറാനായി വാങ്ങിയ പലതരം സാധനങ്ങളുടെ കൂമ്പാരവും കണ്ടെത്തി. ഇവയെല്ലാം പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് നോട്ട് കൈമാറിയ സംഘത്തെപ്പറ്റി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. അവര്‍ക്കായി ആറ്റിങ്ങല്‍ സി.ഐയുടെ നേതൃത്വത്തില്‍ അന്വേഷണം തുടര്‍ന്നുവരികയാണ്. റിട്ട. പൊലിസുകാരനായ ശോഭിതന്റെ അറിവോടെയാണ് കള്ളനോട്ട് ഇടപാടെന്ന സൂചനയെ തുടര്‍ന്ന് ഇയാളെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."