റബാഡയുടെ മികവില്‍ ദക്ഷിണാഫ്രിക്ക
പോര്‍ട് എലിസബത്ത്: ആസ്‌ത്രേലിയയെ ആറ് വിക്കറ്റിന് കീഴടക്കി ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കി. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇരു ടീമുകളും ഓരോ വിജയം നടി 1-1 എന്ന നിലയില്‍. സ്‌കോര്‍: ആസ്‌ത്രേലിയ ഒന്നാം ഇന്നിങ്‌സ് 243, രണ്ടാം ഇന്നിങ്‌സ് 239. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 382, രണ്ടാം ഇന്നിങ്‌സ് നാല് വിക്കറ്റ് നഷ്ടത്തില്‍ 102.
ജയിക്കാന്‍ 101 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. മാര്‍ക്രം (21), ഡീന്‍ എല്‍ഗാര്‍ (അഞ്ച്), ഹാഷിം അംല (27), എ.ബി ഡിവില്ല്യേഴ്‌സ് (28) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും 15 റണ്‍സുമായി തെന്യുസ് ഡി ബ്രുയ്‌നും പുറത്താകാതെ നിന്നു. ആസ്‌ത്രേലിയക്കായി നതാന്‍ ലിയോണ്‍ രണ്ടും ഹാസ്‌ലെവുഡ്, കമ്മിന്‍സ് ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ ആസ്‌ത്രേലിയയുടെ അന്തകനായ കഗിസോ റബാഡ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും അവരുടെ വിധി നിര്‍ണയിച്ചത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും രണ്ടാം ഇന്നിങ്‌സില്‍ ആറും വിക്കറ്റുകള്‍ വീഴ്ത്തി റബാഡ ആഞ്ഞടിച്ചപ്പോള്‍ ഓസീസിന് മറുപടിയില്ലാതെ പോയി. രണ്ടിന്നിങ്‌സിലുമായി താരം 11 വിക്കറ്റുകളാണ് കൊയ്തത്. റബാഡയാണ് കളിയിലെ കേമന്‍.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ഓസീസിന് അധികം ക്രീസില്‍ നില്‍ക്കാന്‍ സാധിച്ചില്ല. അവസാന അഞ്ച് വിക്കറ്റുകള്‍ വെറും 59 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അടിയറവ് വച്ചാണ് അവര്‍ തോല്‍വി ചോദിച്ച് വാങ്ങിയത്. മൂന്നാം ദിനത്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്ന മിച്ചല്‍ മാര്‍ഷ് നാലാം ദിവസം 45 റണ്‍സില്‍ പുറത്തായതോടെ ഓസീസ് ചെറുത്ത് നില്‍പ്പ് ഏതാണ്ട് അവസാനിച്ചിരുന്നു. പിന്നീട് ചടങ്ങ് തീര്‍ക്കുന്ന ലാഘവത്തില്‍ ദക്ഷിണാഫ്രിക്ക ആസ്‌ത്രേലിയന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. 28 റണ്‍സുമായി ടിം പെയ്ന്‍ പുറത്താകാതെ നിന്നു. നേരത്തെ ഉസ്മാന്‍ ഖവാജ (75) ആസ്‌ത്രേലിയക്കായി പൊരുതി. റബാഡ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശേഷിച്ച നാല് വിക്കറ്റുകള്‍ രണ്ട് വീതമായി കേശവ് മഹാരാജ്, എന്‍ഗിഡി എന്നിവര്‍ പങ്കിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."