മലയാളി എ.എസ്.ഐയുടെ ദുരൂഹമരണം: അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹി പൊലിസ് എ.എസ്.ഐ കോഴിക്കോട് കൂട്ടാലിട പൂനത്ത് സ്വദേശി തോട്ടോളിപ്പൊയില്‍ സി.പി അനിരുദ്ധന്റെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തരവിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എം.കെ രാഘവന്‍ എം.പിക്ക് ഉറപ്പുനല്‍കി. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി എം.പി നല്‍കിയ നിവേദനത്തോട് പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനിരുദ്ധനെ ലോക് കല്യാണ്‍ മാര്‍ഗിനു സമീപം അഴുക്കുചാലില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവദിവസം രാത്രി ഒന്നര വരെ അനിരുദ്ധന്റെ ഫോണ്‍ ഓണ്‍ ആയിരുന്നു. പിന്നീട് സ്വിച്ച് ഓഫ് ആവുകയായിരുന്നുവെന്നും ഇക്കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും എം.കെ രാഘവന്‍ രാജ്‌നാഥ് സിങ്ങിന്റെ ശ്രദ്ധയില്‍പെടുത്തി.
സമഗ്രമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും ദുരൂഹത അകറ്റണമെന്നും എം.പി ആവശ്യപ്പെട്ടു.
ഇതോടെയാണ് സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയത്. വികാസ് പുരി മൂന്നാം ബറ്റാലിയനിലെ എ.എസ്.ഐ ആയിരുന്നു അനിരുദ്ധന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."