ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതികളുമായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്
ശ്രീകൃഷ്ണപുരം: കടമ്പഴിപുറം സാമൂഹികാരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് സ്വാസ്ഥ്യം, തണല്‍ എന്നീ രണ്ടു പദ്ധതികളുമായി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ജനങ്ങളിലേക്കിറങ്ങുന്നു.
മാനസിക രോഗമുള്ളവരെ ലക്ഷ്യമിട്ടു കൊണ്ടുള്ള സ്വാസ്ഥ്യവും വൃക്കരോഗികളില്‍ ഡയാലിസിസിനു വിധേയരാകുന്ന രോഗികള്‍ക്ക് സഹായധനം നല്‍കുന്ന തണലുമാണ് ഈ രണ്ടു പദ്ധതികള്‍. ഓരോ മാസത്തിലും രണ്ടാം തിങ്കളാഴ്ചയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മാനസിക രോഗികള്‍ക്കാവശ്യമായ സൗജന്യ പരിശോധനയും മരുന്ന് വിതരണവുമാണ് സ്വാസ്ഥ്യം കൊണ്ട് ലക്ഷ്യമിടുന്നത്.
കടമ്പഴിപുറം സി.എച്.സിയിലെ സെക്യാട്ടിസ്റ്റ് ചുമതല വഹിക്കുന്ന ഡോ. ആരതി സുശീലന്റെ നേതൃത്വത്തിലാണ് ചികിത്സാ പദ്ധതി നടപ്പിലാക്കുന്നത്.
വൃക്കരോഗികളില്‍ ഡയാലിസിസിനു വിധേയരാകുന്ന രോഗികള്‍ക്ക് മാസം തോറും ആയിരം രൂപ സഹായധനം നല്കുന്നതാണ് തണല്‍ പദ്ധതി.
സുമനസ്സുകളായ നാട്ടുകാരില്‍ നിന്ന് പണം സ്വരൂപിച്ചാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്. ബ്ലോക്ക് പരിധിയില്‍ 41 ഡയാലിസിസ് രോഗികളുണ്ടെന്നാണ് കണക്ക്.
ഇവര്‍ക്ക് മൂന്നു മാസത്തേക്കുള്ള ധനസഹായമായ മൂവ്വായിരം രൂപ വീതമുള്ള സഹായമാണ് രണ്ടാം ഘട്ടത്തില്‍ ഇന്ന് വിതരണം ചെയ്തത്. ഒന്നാം ഘട്ടത്തില്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികളുടെ സഹകരണത്തോടെ പുസ്തക വില്‍പന വഴിയാണ് തുക കണ്ടെത്തിയത്.
രണ്ടാംഘട്ടത്തില്‍ 41 വ്യക്തികളില്‍ നിന്ന് സഹായം സ്വീകരിച്ചു കൊണ്ടാണ് നടപ്പിലാക്കുന്നത്. രണ്ടു പദ്ധതികളുടെയും ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. റീത്ത നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ അധ്യക്ഷനായി.
ജ്യോതി വാസന്‍, കെ. ശാന്തകുമാരി, പി.എം. നാരായണന്‍, ടി. രാമചന്ദ്രന്‍, ഉഷ നാരായണന്‍, പി. കുഞ്ഞുമുഹമ്മദ്, പി. മോഹനന്‍, സി. രാജന്‍, കെ. പ്രീത, ഡോ. ദീപക് ഗോപിനാഥ്, ഡോ. ആരതി സുശീലന്‍, കെ. മൊയ്തു കുട്ടി, ടി.എസ്. സുബ്രഹ്മണ്യന്‍ പങ്കെടുത്തു.
41 വൃക്ക രോഗികള്‍ക്കായി 1,23,000 രൂപയാണ് ഇന്ന് വിതരണം ചെയ്തത്. അമ്പതിലധികം മാനസിക രോഗികളാണ് സ്വാസ്ഥ്യം പദ്ധതി പ്രകാരം ചികിത്സ തേടിയെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."