ജിഷ വധക്കേസ് വെല്ലുവിളിയായി ഏറ്റെടുക്കും: ഡി.ജി.പി ബെഹ്റ
തിരുവനന്തപുരം: ജിഷ വധക്കേസ് വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് സംസ്ഥാന പൊലിസ് മേധാവിയായി ചുമതലയേറ്റ ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജിഷ വധക്കേസ് കേരള പൊലിസിന് വെല്ലുവിളിയാണെന്നും തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇതുവരെ ഒരുകേസും തെളിയിക്കാതിരുന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ പൊലിസിനു വീഴ്ചവന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കും.
രണ്ടുദിവസത്തിനകം കേസ് സംബന്ധിച്ചു ചിലവിവരങ്ങള്‍ പുറത്തുവരും. യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനെതിരേ ആരോപണം ഉന്നയിച്ച ജോമോന് പുത്തന്‍പുരയ്ക്കലിന്റെ മൊഴിയെടുക്കുമെന്നും ഇന്ന് പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനിലെത്താന്‍ ജോമോന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
ഇന്നലെ വൈകിട്ട് മൂന്നരയോടെ സംസ്ഥാന പൊലിസ് ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി അനില്‍കാന്താണ് അധികാരം ഏറ്റെടുക്കുന്നതിന്റെ പ്രതീകമായി ബെഹ്റക്ക് ബാറ്റണ്‍ കൈമാറിയത്. ക്രമസമാധാനരംഗത്ത് കേരള പൊലിസിനെ ഒന്നാമതെത്തിക്കാന്‍ ശ്രമിക്കുമെന്നും തെളിയിക്കപ്പെടാത്ത കേസുകളില്‍ അന്വേഷണം നടത്തുമെന്നും സ്ത്രീസുരക്ഷക്ക് പ്രാധാന്യം നല്‍കുമെന്നും ബെഹ്റ വ്യക്തമാക്കി.
അതേസമയം സെന്‍കുമാറിന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."