സ്വന്തം വെള്ളം മുതലമടക്ക് തരാത്തത് നീതി നിഷേധം: ഇയ്യങ്കോട് ശ്രീധരന്
മുതലമട: സ്വന്തം പഞ്ചായത്തിലുള്ള അണക്കെട്ടുകളിലെ വെള്ളം മുതലമടക്ക് തരാത്തത് നീതി നിഷേധമെന്ന് സാഹിത്യകാരന് ഇയ്യങ്കോട് ശ്രീധരന്. മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി കാമ്പ്രത്തുചള്ളയില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലമില്ലാതെ ആളുകള്‍ മരിക്കുന്ന അവസ്ഥയുണ്ടാവരുത്. ജീവിതത്തിന്റെ രാഷ്ട്രീയമാണ് ജലസമരമെന്നും ഇയ്യങ്കോട് ശ്രീധരന് പറഞ്ഞു. ജലത്തിന്റെ പേരില്‍ ഭാഷ തിരിച്ചും മണ്ഡങ്ങള്‍ തിരിച്ചും സമരം ഉണ്ടാവരുത്.
കേരളത്തിന് കരാര്‍ പ്രകാരം ലഭിക്കേണ്ട ജലം ചോദിച്ചു വാങ്ങാന്‍ കഴിവില്ലാത്തതാണ് കുടിവെള്ള ക്ഷാമത്തിന് വഴിവെച്ചത്. ഭരണക്കാര്‍ ഇത്തരം സമരങ്ങള്‍ക്ക് സാഹചര്യം വരുത്തരുത്. ജലത്തിന്റെ പേരില്‍ കലഹം ഉണ്ടാവരുത്. ജലത്തിനു വേണ്ടിയുള്ള സമരം ജനങ്ങള്‍ക്കു വേണ്ടി തുടരണം . ജനങ്ങള്‍ക്കു വേണ്ടി നിലനിന്ന് വിജയിക്കണമെന്ന് ഇയ്യങ്കോട് ശ്രീധരന് പറഞ്ഞു.
മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി ചെയര്മാന് എ.എന്‍. അനുരാഗ് അധ്യക്ഷനായി. മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്, കെ.ജി. പ്രദീപ് കുമാര്‍, എന്‍.ജി.കെ. പിള്ള, ടി. സഹദേവന്, എസ്.വി. ശെല്വന്, ടി.എന്‍ രമേശ്, കെ.സി. ബാലകൃഷ്ണന്, എന്‍.കെ. ഷാഹുല്‍ ഹമീദ് സംസാരിച്ചു.
മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി ചെയര്മാന് എ.എന്‍. അനുരാഗ്, ജനറല്‍ കണ്‍വീനര്‍ സജേഷ് ചന്ദ്രന്, കോര്‍ഡിനേറ്റര്‍ പി. സതീഷ്, രക്ഷാധികാരി ആര്. അരവിന്ദാക്ഷന്, വൈസ് ചെയര്മാന് എസ്. സക്കീര്‍ ഹുസൈന്, കണ്‍വീനര്‍മാരായ എ.സി. ശെല്വന്, എസ്. അമാനുള്ള, കെ.സി. ബാലക്യഷ്ണന് എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.
നാല് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ പൂര്‍ണം
പുതുനഗരം: മീങ്കര ഡാമിലേക്ക് കുടിവെള്ളത്തിന് കമ്പാലത്തറയില്‍ നിന്ന് ജലം എത്തിക്കണമെന്നാവശ്യപ്പെട്ട് മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി നാല് പഞ്ചായത്തുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായി. കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, വടവന്നൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ നടത്തിയത്. സര്‍ക്കാര്‍ ഓഫിസുകള്‍ അടഞ്ഞുകിടന്നു. ഗോവിന്ദാപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതിനാല്‍ മീനാക്ഷിപുരം വഴി ചരക്കു വാഹനങ്ങള്‍ തിരിച്ചു പോവുകയാണുണ്ടായത്. കാമ്പ്രത്ത്ചള്ളയില്‍ പ്രകടനമായെത്തിയ മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കൊല്ലങ്കോട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എത്തി ഉപരോധക്കാരെ നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."