പണംവച്ച് ചീട്ടുകളിച്ച 15 പേര്‍ അറസ്റ്റില്‍; 12,355 രൂപയും പിടിച്ചെടുത്തു
തൊടുപുഴ: വെട്ടിമറ്റത്ത് പണംവച്ച് ചീട്ടുകളിച്ച 15 പേരെ തൊടുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും 12,355 രൂപയും പിടിച്ചെടുത്തു.
കോണ്‍ഗ്രസ് കരിമണ്ണൂര്‍ ബ്ലോക്ക് പ്രസിഡന്റ് എ എം ദേവസ്യ അടപ്പൂര് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. വെട്ടിമറ്റം വിമല പബ്ലിക് സ്‌കൂളിന് സമീപത്തെ കെട്ടിടത്തില്‍ ഞായറാഴ്ച രാത്രി എട്ടരയോടെ രണ്ടു മുറികളിലായിരുന്നു പണംവെച്ചുള്ള ചീട്ടുകളി. ദേവസ്യക്കു പുറമെ വെട്ടിമറ്റം സ്വദേശികളായ പ്രിന്‍സ്, ഹസന്‍, ടിജോ, ഗോപി, ബിനീഷ്, ജോണ്‍സ്, ബിജു, ബിനു, ജോയി, ഇളംദേശം സ്വദേശികളായ ജയകുമാര്‍, ബിജു ജോസഫ് തുടങ്ങിയവരാണ് പിടിയിലായത്.
തൊടുപുഴ എസ്.ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നാളുകളായി ഇവിടെ ചീട്ടുകളി നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതിനെതിരെ പലതവണ പൊലിസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍, പൊലിസ് എത്തുമ്പോള്‍ ചീട്ടുകളിസംഘം മുങ്ങുകയായിരുന്നു പതിവ്. കഴിഞ്ഞ ദിവസം പോളിയോ തുള്ളിമരുന്നു വിതരണവുമായി ബന്ധപ്പെട്ട് ഇവിടെ ക്യാമ്പില്‍ കുഞ്ഞുങ്ങളുമായി ആള്‍ക്കാര്‍ എത്തുമ്പോഴും ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് ഇവിടെ വളഞ്ഞ് എല്ലാവരെയും കൈയോടെ പിടികൂടിയത്. ചീട്ടുകളികേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ട് മേശയും 15 കസേരകളും പൊലിസ് കോടതിയ്ക്ക് കൈമാറി. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."