അധികാരത്തിന്റെ മറവില്‍ സി.പി.എം അക്രമം അഴിച്ചുവിടുന്നു: സുധീരന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം സംസ്ഥാനത്തെമ്പാടും കോണ്‍ഗ്രസ്,യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരേ സി.പി.എം അക്രമം അഴിച്ചുവിടുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആരോപിച്ചു. അധികാരലഹരിയില്‍ സി.പി.എമ്മും അവരോടൊപ്പമുള്ളവരും അഴിഞ്ഞാടുകയാണ്. കണ്ണൂരില്‍ മാത്രം 66 സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണമുണ്ടായി. യു.ഡി.എഫ്, കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ചു തകര്‍ത്തു.
പയ്യന്നൂരില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് ജീവിക്കാനാകാത്ത വിധം വ്യാപകമായ ആക്രമണങ്ങളാണ് അരങ്ങേറിയത്. കോളജ് അധ്യാപകരായ പ്രൊ.ഉണ്ണികൃഷ്ണന്‍,പ്രൊ.പ്രജിത എന്നിവരുടെ കാറുകള്‍ കത്തിച്ചു. മലപ്പുറത്ത് ജില്ലാ പഞ്ചായത്തംഗം രോഹില്‍നാഥിന്റെ കാര്‍ കത്തിച്ചു. ഈ കേസുകളിലൊന്നും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലിസ് യാതൊരു നടപടിയും സ്വീകരിച്ചില്ല.മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വായനശാല അടിച്ചു തകര്‍ത്തു.
കാസര്‍കോട്,മലപ്പുറം,വയനാട്,ആലപ്പുഴ ജില്ലകളിലും വ്യാപകമായ അക്രമം അരങ്ങേറിയതായി സുധീരന്‍ പറഞ്ഞു.ആലപ്പുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൃഷിയും നശിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ ഗാന്ധിസ്തൂപങ്ങള്‍ അടിച്ചുതകര്‍ത്തു. കൊല്ലത്ത് കോണ്‍ഗ്രസ്-ആര്‍.എസ്.പി ഓഫിസുകള്‍ അടിച്ചു തകര്‍ത്തതായും സുധീരന്‍ പറഞ്ഞു.
ബി.ജെ.പി-സി.പി.എം സംഘര്‍ഷങ്ങളും സമാധാനപൂര്‍ണമായ ജനജീവിതത്തിന് വെല്ലുവിളിയായി. പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ഇരിട്ടിയില്‍ ഏഴു വയസായ കുട്ടിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.
അക്രമസംഭവങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്. എല്ലാവരേയും ഒരുപോലെ കാണുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ക്രിമിനലുകളെ നേരിടുന്നതിലും കാണിക്കണം. സംസ്ഥാനത്ത് സമാധാനം ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."