പാടശേഖരങ്ങളില്‍ വരിനെല്ല് ശല്യം രൂക്ഷം; പുഞ്ചക്കൃഷി ഇറക്കാതെ കര്‍ഷകര്‍
ഹരിപ്പാട്: എടത്വാ, ചമ്പക്കുളം ഉള്‍പ്പടെയുള്ള കൃഷിഭവന്‍ പരിധിക്കുള്ളിലെ നിരവധി പാടശേഖരങ്ങളില്‍ ഇക്കുറി കര്‍ഷകര്‍ പുഞ്ചകൃഷി ഇറക്കിയില്ല. പാടശേഖരങ്ങളില്‍ വന്‍ തോതില്‍ വളരുന്ന വരിനെല്ലിന്റെ ഉപദ്രവമാണ് കര്‍ഷകരെ പുഞ്ചകൃഷിയില്‍ നിന്നും പിന്തിരിപ്പിച്ചത് .
തരിശുനിലം കൃഷിയോഗ്യമാക്കുന്നതിന് ബജറ്റില്‍ തുക വക കൊള്ളിച്ചിരുന്നു. ഏകദേശം ആറായിരം ഏക്കറിലാണ് പുഞ്ചക്കൃഷി ഇറക്കേണ്ട പാടശേഖരങ്ങള്‍ തരിശായി മാറിയത്. വരി നീക്കം ചെയ്യുന്നതിനായി പാടശേഖരങ്ങളിലെ വെള്ളം പറ്റിച്ചതിനു ശേഷം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതു മറിക്കുകയും ശേഷം വരിയും കളയും കിളിര്‍പ്പിക്കുകയും ചെയ്യും. തുടര്‍ന്ന് കളനാശിനികള്‍ തളിക്കുക. ഇത് മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കണം. ഇതിന്റെ പേരിലാണ് കര്‍ഷകര്‍ കൃഷി ഒഴിവാക്കിയത്. ഏക്കറിന് ഏകദേശം 8000 രൂപയാണ് ഇതിനായി ചിലവാകുന്നതെന്നും കര്‍ഷകര്‍ പറയുന്നു. മിക്ക പാടശേഖരങ്ങളിലും വെള്ളം പറ്റിച്ചു ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന ജോലികള്‍ നടന്നു വരികയാണ്. വരിനെല്ലിനെ തടയുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന കര്‍ഷകരുടെ പരാതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൃഷി വകുപ്പ് ഈ വിഷയത്തില്‍ ജാഗ്രത പാലിക്കുന്നില്ലന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
ഇതര സംസ്ഥാന സീഡ് അതോറിറ്റികളില്‍ നിന്നും വിതരണം ചെയ്യുന്ന വിത്തുകളിലുടെ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ വരിനെല്ലിന്റെ വ്യാപനം നടക്കുന്നുണ്ട്. ഗുണനിലവാരമുള്ള വിത്ത് ലഭ്യമാക്കിയാല്‍ ഇതിനെ തടയിടാന്‍ ഒരു പരിധി വരെ സാധിക്കും. കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവേശമാണന്നും എന്നാല്‍ വിതരണം ചെയ്യുന്ന വിത്തിന് യാതൊരു പരിശോധനകളുമില്ലെന്നുമാണ് കര്‍ഷകരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."